‘അവർ പൊട്ടക്കുളത്തിലെ തവളകൾ’; ആക്ഷേപിച്ച സിപിഎം നേതാക്കൾക്കു സിപിഐയുടെ മറുപടി

Mail This Article
ആലപ്പുഴ ∙ കഴുതകളെപ്പോലെ ചിന്തിക്കുന്നവരെന്ന് ആക്ഷേപിച്ച സിപിഎം നേതാക്കൾക്കു സിപിഐയുടെ മറുപടി: അവർ പൊട്ടക്കുളത്തിലെ തവളകൾ. കുട്ടനാട്ടിൽ സിപിഎം വിട്ടെത്തിയവരെ സിപിഐ സ്വീകരിച്ചതിൽ പ്രകോപിതരായാണു കഴിഞ്ഞ ദിവസത്തെ കാൽനട ജാഥകളിൽ സിപിഎം നേതാക്കൾ സിപിഐയെ രൂക്ഷമായി പരിഹസിച്ചത്. ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്ന സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഇന്നലെ മറുപടി പറഞ്ഞപ്പോൾ അതു ചില ചരിത്ര വസ്തുതകളും ഓർമിപ്പിക്കുന്നതായി.
സ്പ്ലിറ്റ് സിൻഡ്രോം ബാധിച്ചവരാണു ഭിന്നിപ്പിനെ പ്രകീർത്തിക്കുന്നതെന്നും രോഗം കുറ്റമല്ലെന്നും എന്നാൽ, അതിനു ചികിത്സ വേണമെന്നും ആഞ്ചലോസ് തിരിച്ചടിച്ചു. സിപിഎം തീരുമാനിച്ചാൽ സിപിഐ ഇല്ലാതാകുമെന്നു പ്രസംഗിച്ചയാൾ പൊട്ടക്കുളത്തിലെ തവളയാണ്. ബ്രിട്ടീഷ് ഭരണാധികാരികളും സി.പി.രാമസ്വാമി അയ്യരെപ്പോലുള്ള ഏകാധിപതികളും ഈ ലക്ഷ്യത്തിനായി നീങ്ങി പരാജയപ്പെട്ടവരാണ്.
ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ ജാഥകളെ സിപിഐ വിരുദ്ധ ജാഥകളാക്കിയ ചില സിപിഎം നേതാക്കളുടെ ലക്ഷ്യം ദുരൂഹമാണ്. സിപിഎമ്മിന്റെ ദേശീയ, സംസ്ഥാന കമ്മിറ്റികളുടെ നയത്തിൽനിന്നു വ്യത്യസ്തമായാണു ജില്ലയിലെ ചില നേതാക്കളുടെ പ്രസംഗങ്ങൾ. കുട്ടനാട്ടിൽ സിപിഎമ്മിന്റെ അംഗത്വ സൂക്ഷ്മപരിശോധന നടന്നപ്പോൾ ഒഴിവാക്കപ്പെട്ടവർ ഉൾപ്പെടെ 222 പേർ മാസങ്ങൾക്കു മുൻപു സിപിഐയിൽ ചേരാൻ അപേക്ഷ നൽകിയിരുന്നു.
ചെങ്കൊടിയേന്തി മുന്നോട്ടു പോകാനുള്ള അവരുടെ നിശ്ചയദാർഢ്യത്തെ സ്വാഗതം ചെയ്യാനാണു സിപിഐ തീരുമാനിച്ചത്. അവർ ചെങ്കൊടി ഉപേക്ഷിച്ചു മറ്റേതെങ്കിലും പാർട്ടിയിൽ ചേർന്നിരുന്നെങ്കിൽ ഇത്തരം ജാഥകൾ ഉണ്ടാകുമായിരുന്നില്ല.കുട്ടനാട്ടിലെ പാർട്ടി മാറ്റത്തിന്റെ പേരിൽ സിപിഎം ജില്ലാ സെക്രട്ടറിയും നേരത്തെ സിപിഐയെ രൂക്ഷമായി വിമർശിച്ചിരുന്നു. അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന സിപിഐ നേതൃത്വം പ്രാദേശിക നേതാക്കൾ ആക്ഷേപകരമായ പ്രയോഗങ്ങൾ നടത്തിയതോടെയാണ് തിരിച്ചടിച്ചത്.
സിപിഐ മത്സരിക്കുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽപെട്ട കുട്ടനാട്ടിൽ സിപിഎമ്മിനെ പ്രകോപിപ്പിക്കേണ്ടെന്ന തോന്നൽ സിപിഐ നേതൃത്വത്തിനുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മറുപടി പറയാൻ തീരുമാനിച്ചതു സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നാണ് സൂചന.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local