നിർധന കുടുംബത്തിന് വീട് നിർമിക്കാൻ സൗജന്യമായി ഭൂമി സമ്മാനിച്ച് സ്മാർട് വില്ലേജ് ഓഫിസ്

Mail This Article
ചെട്ടികുളങ്ങര ∙ സ്മാർട് വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദി കരുതലിന്റെ വേദിയായി. നിർധന കുടുംബത്തിനു വീട് നിർമിക്കാൻ സൗജന്യമായി ഭൂമി സമ്മാനിച്ചാണു കണ്ണമംഗലം സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയെ വേറിട്ടതാക്കിയത്. കണ്ണമംഗലം വില്ലേജ് ഓഫിസിൽ മുൻപു താൽക്കാലികമായി സ്വീപ്പർ ജോലി ചെയ്തിരുന്ന സുനിതക്കാണു ഭൂമി ലഭ്യമാക്കിയത്.
കാൻസർ ബാധിതനായി ഭർത്താവ് മരിച്ച സുനിതയും 2 മക്കളും വാടക വീട്ടിലാണു താമസിക്കുന്നത്. ഇവരുടെ ദുരിതം മനസ്സിലാക്കിയ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ ഈരേഴ വടക്ക് പടീറ്റടത്ത് ഷാജി പുരുഷോത്തമനെ സമീപിച്ചു. വിവരങ്ങൾ ബോധ്യപ്പെട്ട ഷാജി മറ്റം തെക്ക് 4 സെന്റ് സ്ഥലം വാങ്ങി അതിന്റെ ആധാരം സുനിതയുടെ പേരിൽ റജിസ്റ്റർ ചെയ്തു. ഇന്നലെ നടന്ന ചടങ്ങിൽ ആധാരം ഏറ്റുവാങ്ങിയ മന്ത്രി കെ.രാജൻ അതു സുനിതയ്ക്കു കൈമാറി.
വസ്തുവിൽ വീടു നിർമിച്ചു നൽകുന്നതിനും വേണ്ട പ്രവർത്തനം വേഗം നടത്തണമെന്നു സ്ഥലത്തുള്ളവരോട് ആവശ്യപ്പെട്ട ശേഷമാണു മന്ത്രി മടങ്ങിയത്. മാവേലിക്കര തഹസിൽദാർ ഡി.സി.ദിലീപ് കുമാർ, ഡപ്യൂട്ടി തഹസിൽദാർ ജി.ബിനു, കണ്ണമംഗലം വില്ലേജ് ഓഫിസർ ബിജു ഗോപാൽ, സ്പെഷൽ വില്ലേജ് ഓഫിസർ ഡി.രഘു, ആർ.എസ്.ദീപക്, ആർ.റിജുമോൻ എന്നിവർ മുൻകയ്യെടുത്താണു സ്ഥലം ലഭ്യമാക്കാനുള്ള ക്രമീകരണം ചെയ്തത്.
കണ്ണമംഗലം, കറ്റാനം, ഭരണിക്കാവ് എന്നീ സ്മാർട്ട് വില്ലേജ് ഓഫിസുകള്‍ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ ഹരിത വി.കുമാർ, മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രജനി, ഇന്ദിരദാസ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ്, നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ശ്യാമളദേവി, കെ.പ്രദീപ്കുമാർ, നഗരസഭ കൗൺസിലർമാരായ പുഷ്പ സുരേഷ്, ഉമയമ്മ വിജയകുമാർ, പഞ്ചായത്തംഗങ്ങളായ എസ്.ശ്രീകല, എസ്.ശ്രീജിത്, ഓമനക്കുട്ടൻ, ജെ.അമൃത, സുമ, തഹസിൽദാർ ഡി.സി.ദിലീപ് കുമാർ, എൻ.ശ്രീകുമാർ, ജേക്കബ് ഉമ്മൻ, ചെങ്കിളിൽ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. .റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.32 കോടി രൂപ വിനിയോഗിച്ചാണ് ഈ വില്ലേജ് ഓഫിസുകളെ സ്മാർട്ടായി നവീകരിച്ചത്. സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local