ഹെൽത്ത് കാർഡ് പുതുക്കാനാവുന്നില്ല; മെഡിക്കൽ കോളജിൽ രോഗികൾക്ക് ദുരിതം
Mail This Article
അമ്പലപ്പുഴ ∙ ‘സെർവർ തകരാർ, ഹെൽത്ത് കാർഡ് പുതുക്കൽ നടക്കുകയില്ല.’ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പതിക്കേണ്ട മുറിയുടെ മുന്നിലെ അറിയിപ്പാണിത്. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉടമകൾ, അത്യാസന്ന നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവർ, അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടവർ എന്നിവരുടെ കൂട്ടിരിപ്പുകാർ ഹെൽത്ത് കാർഡ് പുതുക്കാനും പതിപ്പിക്കാനായി കൗണ്ടറിൽ വരുമ്പോൾ ഈ ബോർഡ് കണ്ട് തിരികെ പോകുന്നത് 5 ദിവസമായി തുടരുകയാണ്.
സെർവർ തകരാറിലായതിന്റെ പേരിൽ രോഗികൾ എന്തു ചെയ്യണമെന്നതിന് ആർക്കും ഉത്തരമില്ല. ആൻജിയോഗ്രാം , ആൻജിയോപ്ലാസ്റ്റി ചികിത്സ വേണ്ടവർക്ക് കാർഡിന്റെ ആനുകൂല്യം കിട്ടിയില്ലെങ്കിൽ തുക കണ്ടെത്തേണ്ടി വരും. ഇതു സാധാരണക്കാരായ രോഗികൾക്ക് താങ്ങാവുന്നതിലും അധികമാണ്. എന്ന് ശരിയാകും എന്ന് ചോദിക്കുമ്പോൾ അറിയില്ലെന്നാണ് ജീവനക്കാരുടെ മറുപടി. അടുത്ത ദിവസം തകരാർ പരിഹരിച്ച് അർഹരായ രോഗികളുടെ കാർഡ് പുതുക്കൽ തുടങ്ങാനാകുമെന്ന് ജീവനക്കാർ പറഞ്ഞു.