പൈപ്പ് പൊട്ടൽ : കിടപ്പ് സമരവുമായി പഞ്ചായത്ത് അംഗം

Mail This Article
ഇറവങ്കര ∙ തട്ടാരമ്പലം– മാവേലിക്കര–മാങ്കാംകുഴി റോഡ‍് നവീകരണത്തിന്റെ ഭാഗമായി ഓട നിർമാണത്തിനായി കുഴിയെടുക്കുമ്പോഴും പൈപ്പ് പൊട്ടുന്നതു പതിവാകുന്നു, പ്രതിഷേധവുമായി തഴക്കര പഞ്ചായത്ത് അംഗത്തിന്റെ കിടപ്പ് സമരം. കേരള സംസ്ഥാന ഗതാഗത പദ്ധതി (കെഎസ്ടിപി) റോഡ് നവീകരണത്തിനിടെ കുന്നം, ഇറവങ്കര മേഖലകളിലാണു ജലഅതോറിറ്റിയുടെ പൈപ്പ് സ്ഥിരമായി പൊട്ടി ശുദ്ധജലക്ഷാമം രൂക്ഷമാകുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കുഴിയെടുക്കുമ്പോഴാണു പൈപ്പുകൾ പൊട്ടുന്നത്.
ഒരു വർഷം മുൻപു ഇറവങ്കരയിൽ പൈപ്പ് പൊട്ടി ഒരു മാസത്തോളം ശുദ്ധജല വിതരണം മുടങ്ങിയിരുന്നു. എം.എസ്. അരുൺകുമാർ എംഎൽഎ ഇടപെട്ടാണ് അന്നു പ്രശ്നം പരിഹരിച്ചത്. ഇതിനു ശേഷവും പലതവണ പൈപ്പ് പൊട്ടി ശുദ്ധജല വിതരണം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം ഓടയ്ക്കായി കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടി പ്രദേശത്തു ജലവിതരണം മുടങ്ങി.
ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തിൽ ജലവിതരണം മുടങ്ങുന്നത് ഒഴിവാക്കാൻ വേഗം തകരാർ പരിഹരിക്കണമെന്നു പഞ്ചായത്തംഗം ഗോകുൽ രംഗൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കാഞ്ഞതിൽ പ്രതിഷേധിച്ചാണു പൈപ്പ് പൊട്ടിയ സ്ഥലത്ത് ഇന്നലെ കിടപ്പു സമരം നടത്തിയത്. റോഡ് നിർമാണം ആരംഭിക്കുന്നതിനു മുൻപു ജലഅതോറിറ്റിയെ അറിയിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജോലികൾ ചെയ്യണമെന്നും ഗോകുൽ ആവശ്യപ്പെട്ടു.