ADVERTISEMENT

‘‘ 20 മിനിറ്റോളമാണ് ആ യുവാവ് വാഹനമിടിച്ച് ചോരയൊലിച്ചു റോഡിൽ കിടന്നത്. ആരെങ്കിലും സമയത്ത് ഇടപെട്ടിരുന്നെങ്കിലും ആ ജീവൻ ചിലപ്പോൾ ഇന്നും നമ്മളോടൊപ്പമുണ്ടാവുമായിരുന്നു’’ ജനം കാഴ്ചക്കാരായി മാറിനിന്ന ആ വാഹനാപകടത്തിന്റെ നടുക്കവും വേദനയും അധ്യാപികയായ എം.ധന്യയുടെ വാക്കുകളിലുണ്ട്. 3 മാസം മുൻപ് ദേശീയപാതയിൽ കോടംതുരുത്ത് ഗവ.എൽപി സ്കൂളിനു മുൻപിൽ കാറിടിച്ചു പരുക്കേറ്റ യുവാവിനെ അധ്യാപികമാരായ എം. ധന്യയും ജെസി തോമസും ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്.

അപകടമറിഞ്ഞു തടിച്ചുകൂടിയ ജനം കാഴ്ചക്കാരായി മാറിയപ്പോഴായിരുന്നു സമീപത്തെ സ്കൂളിൽ നിന്ന് ഓടിയെത്തിയ ഇവരുടെ ഇടപെടൽ.  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘‘ ഞങ്ങൾ സ്കൂളിന്റെ ഉള്ളിലായിരുന്നു. ഗ്രൗണ്ടിലുണ്ടായിരുന്ന അധ്യാപികയാണ് സ്കൂളിനു മുന്നിലെ റോഡിൽ ആളുകൾ തടിച്ചുകൂടിയ വിവരം അറിയിക്കുന്നത്. ഉടൻ ഞാനും ജെസി ടീച്ചറും അവിടേക്കു പോയി. 2 പേരാണ് അപകടത്തിൽ പെട്ടത്. ഒരാളെ ആശുപത്രിയിൽ കൊണ്ടുപോയി. മറ്റേയാൾ പാതയോരത്ത് ചോരയൊലിപ്പിച്ചു കിടക്കുന്നുണ്ട്.

പരുക്കേറ്റയാൾ മരിച്ചെന്നു നാട്ടുകാർ പറഞ്ഞു. ഉടൻ ‍ഞങ്ങൾ അദ്ദേഹത്തിന്റെ പൾസ് നോക്കി. ജീവനുണ്ടെന്നു മനസ്സിലാക്കി. ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങൾക്കു കൈനീട്ടിയെങ്കിലും ആരും നിർത്തിയില്ല. ഒടുവിൽ റോഡിലേക്ക് ഇറങ്ങി നിന്നാണ് ഒരു വാഹനത്തിൽ കയറ്റിവിട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം ഉണ്ടായി 20 മിനിറ്റെങ്കിലും കഴിഞ്ഞാണ് ഞങ്ങൾ അവിടെയെത്തിയത്. അൽപം നേരത്തേ എത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ അദ്ദേഹം രക്ഷപ്പെടുമായിരുന്നു’’– ധന്യ പറഞ്ഞുനിർത്തി. 

റോഡിലെ വലിയ പിഴ

ജില്ലയിൽ 42 എഐ കാമറകൾ വഴി 4 മാസത്തിനിടെ കണ്ടെത്തിയത് ഒരു ലക്ഷം  നിയമലംഘനങ്ങൾ; ചുമത്തിയ പിഴ 5.2 കോടി

പെരുകുന്ന അപകടമരണങ്ങളുടെ കണക്കുകൾ നമ്മുടെ കണ്ണുതുറപ്പിക്കുന്നില്ല. ഓരോ ദിവസവും റോഡിലെ നിയമലംഘനങ്ങൾ വർധിക്കുന്നു. അതിവേഗത്തിലും സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയും മരണത്തിലേക്ക് ഇൻഡിക്കേറ്ററിട്ടു പായുകയാണ് വാഹനങ്ങൾ. റോഡപകടങ്ങൾ കുറയ്ക്കാനും ഡ്രൈവിങ് നിയമലംഘനങ്ങൾ തടയാനുമായി മോട്ടർ വാഹനവകുപ്പ് ജില്ലയിൽ സ്ഥാപിച്ച 42 എഐ ക്യാമറകൾ 4 മാസത്തിനിടെ കണ്ടെത്തിയ നിയമലംഘനങ്ങൾ 100350. ചുമത്തിയ പിഴ 5,22,11500 രൂപ. 

വേണം നമുക്കൊരു ട്രോമ കെയർ സംസ്കാരം 

അപകടത്തിൽപെട്ട ശേഷമുള്ള ആ നിമിഷങ്ങൾക്കു വിലയിടാനാകില്ല. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത സെക്കൻഡുകൾ കൊണ്ട് അളക്കേണ്ടി വരുമ്പോൾ കണ്ടുനിൽക്കുന്നവരും പതറിപ്പോകും. ആരെങ്കിലും നെഞ്ച് ഒന്നമർത്തിയാൽ, വായിലേക്ക് ഒന്നു നിശ്വസിച്ചാൽ, ഒരു നിമിഷം നേരത്തെ ആശുപത്രിയിലെത്തിച്ചാൽ ആ പരീക്ഷ അയാൾ ജയിച്ചേക്കാം.

അതിനുള്ള അറിവും മനക്കരുത്തും ജനങ്ങൾക്കു നൽകുകയാണ് പ്രധാനം. പല ജില്ലകളിലും ട്രോമാ കെയർ സൊസൈറ്റികൾ ചെയ്യുന്നത് അതാണ്. അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ സന്നദ്ധരായി പരിശീലനം ലഭിച്ച ആയിരക്കണക്കിന് വൊളന്റിയർമാർ പല ജില്ലകളിലുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ ജില്ലയിൽ അത്തരമൊരു ട്രോമാ കെയർ സൊസൈറ്റിയില്ല.

വാഹനാപകടത്തിൽപെട്ടു വഴിയിൽ കിടക്കുന്നവരെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ ചിലപ്പോൾ അവരുടെ പരുക്കിന്റെ വ്യാപ്തി വർധിപ്പിക്കും. അപകടത്തിൽ പെടുന്നവർക്കു ഘട്ടംഘട്ടമായി നൽകേണ്ട ശുശ്രൂഷകൾ മുതൽ എങ്ങനെ ആശുപത്രിയിലേക്കു കൊണ്ടു പോകണമെന്നത് ഉൾപ്പെടെയുള്ള ട്രോമ കെയർ രീതിയിൽ പൊതുജനങ്ങൾക്കു പരിശീലനം നൽകലും അപകട രക്ഷാപ്രവർത്തനത്തിൽ പ്രധാനമാണ്. 

ട്രോമാ കെയറിന്റെ കൊല്ലം മാതൃക 

അപകടത്തിൽ പെട്ടവർക്കു പ്രാഥമിക ശുശ്രൂഷ നൽകാനും ഉടൻ ആശുപത്രിയിലെത്തിക്കാനും കൊല്ലം ജില്ലയിൽ 2014ൽ ആരംഭിച്ച ട്രാക്ക് എന്ന സന്നദ്ധ സംഘടന 9 വർഷത്തിനിടെ 25,000 പേർക്കാണു ട്രോമ കെയർ പരിശീലനം നൽകിയത്. സേവന സന്നദ്ധരായ നൂറുകണക്കിന് വൊളന്റിയർമാരും 2 ആംബുലൻസുകളും ട്രാക്കിനുണ്ട്.

പൊലീസ്, മോട്ടർ വാഹനവകുപ്പ്, എക്സൈസ്, ആരോഗ്യ വകുപ്പുകളും വിവിധ സന്നദ്ധ സംഘടനകളും ചേർന്നാണു ട്രാക്ക് രൂപീകരിച്ചത്. ട്രോമ കെയർ പരിശീലനവും രക്ഷാപ്രവർത്തനവും മാത്രമല്ല, ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാൻ റോഡരികിൽ രാത്രിയിൽ ചുക്കുകാപ്പി വിതരണം, ട്രാഫിക് സൈൻ ബോർഡ് ശുചീകരണം തുടങ്ങിയവയുമുണ്ട്. 

അസൗകര്യങ്ങളുടെ ട്രോമാ കെയർ യൂണിറ്റ് 

‘ രാത്രി 8.30നാണ് ചേർത്തലയിൽ വച്ച് ഭർത്താവിന് അപകടമുണ്ടായത്. തലയിലായിരുന്നു മുറിവ്. ആദ്യം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ശരിയായ പരിചരണം ലഭിച്ചില്ല. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പുലർച്ചെ 3.30 ആയി. അപ്പോഴേക്കും തലച്ചോറിൽ രക്തം കട്ടപിടിച്ചു ഗുരുതരാവസ്ഥയിലായി. അപകടത്തിൽ പരുക്കേറ്റു 13 വർഷമായി തളർന്നുകിടക്കുന്ന  പട്ടണക്കാട് കൊച്ചളയാട്ട് കെ.രമേശിന്റെ അരികിലിരുന്ന് ഭാര്യ മായ പറഞ്ഞു. സംസ്ഥാനത്ത് ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. എന്നാൽ ദേശീയ പാതയോരത്തുള്ള ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റ് പരിമിതികളുടെ നടുവിലാണ്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് എത്തുന്നവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ അയയ്ക്കുന്നതാണ് പതിവ്. മെഡിക്കൽ കോളജിലെ ട്രോമ കെയർ യൂണിറ്റിലെ ഐസിയുവിൽ 14 കിടക്കകൾ ഉണ്ടെങ്കിലും അത്യാഹിത വിഭാഗത്തിന് പലപ്പോഴും 8–9 കിടക്കകളേ ലഭ്യമാകൂ. അത്യാഹിത വിഭാഗത്തിൽ നിന്നു രോഗിയെയും കൊണ്ട് ആശുപത്രിയിലെ സ്കാനിങ് സെന്ററിലെത്താൻ 200 മീറ്റർ നടക്കണം.

ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ പലപ്പോഴും കൂട്ടിരിപ്പുകാർ തന്നെ ഒപ്പം പോകണം. 2014ൽ അനുവദിച്ച പുതിയ ട്രോമ കെയർ യൂണിറ്റിനുള്ള കെട്ടിടത്തിന്റെ  നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ആധുനിക സൗകര്യങ്ങളോടു കൂടിയ ട്രോമ കെയർ യൂണിറ്റിന് ഇതുവരെ അനുവദിച്ചത് വിവിധ ഘട്ടങ്ങളിലായി 21 കോടി രൂപയാണ് അനുവദിച്ചത്. താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ഒന്നാം നിലയിൽ ശസ്ത്രക്രിയ തിയറ്ററും രണ്ടാം നിലയിൽ വാർഡുകളുമാണ് ഉദ്ദേശിക്കുന്നത്. രണ്ടു നിലകളുടെ പുറംഭിത്തി നിർമാണമാണ് പൂർത്തിയായത്.   

വേണ്ടത് എമർജൻസി മെഡിസിൻ വിഭാഗം 

വിവിധ വിഭാഗം ഡോക്‌ടർമാരുടെ കൂട്ടായ്‌മയാണ് നിലവിൽ മെഡിക്കൽ കോളജിലെ ട്രോമാകെയർ സംവിധാനം സർജറി, ഓർത്തോ, അനസ്‌തീസിയ, ഇഎൻടി വിഭാഗമാണ് പ്രധാനം. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിയെ ഒരു ഹൗസ് സർജൻ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പിലേക്ക് അയയ്ക്കുന്നു. എന്നാൽ എമർജൻസി മെഡിസിൻ വിഭാഗമാണ് അത്യാഹിത വിഭാഗത്തിൽ ആവശ്യമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എമർജൻസി മെഡിസിനിൽ പരിശീലനം നേടിയ ഒരു പ്രഫസർ, 2 അസോഷ്യേറ്റ് പ്രഫസർ, 4 അസി.പ്രഫസർ, 10 സീനിയർ റസിഡന്റുമാർ എന്നിവരടങ്ങിയ എമർജൻസി മെഡിസിൻ വിഭാഗം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ വേണമെന്നാണു നിർദേശം. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിയെ പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകേണ്ടത് എമർജൻസി മെഡിസിൻ വിഭാഗമാണ്.

നിലവിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ മാത്രമാണ് എമർജൻസി മെഡിസിൻ വിഭാഗമുള്ളത്. ആവശ്യത്തിന് വിദഗ്ധ ഡോക്ടർമാരെ നിയമിച്ചു ആലപ്പുഴ മെഡിക്കൽ കോളജിലും എമർജൻസി മെഡിസിൻ വിഭാഗം ആരംഭിച്ചില്ലെങ്കിൽ 3 നിലകളിലായി പണിയുന്ന പുതിയ ട്രോമാ കെയർ യൂണിറ്റ് ലക്ഷ്യം കൈവരിക്കില്ലെന്നു മെഡിക്കൽ കോളജിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT