ADVERTISEMENT

പൂച്ചാക്കൽ∙ ‘അച്ഛൻ കൊണ്ട വെയിലാണ് ഞങ്ങൾ അനുഭവിക്കുന്ന ഇൗ തണൽ’; ഇത് പലരും പറഞ്ഞു പോകുന്ന വാചകമാണെങ്കിലും തന്റെ വീട്ടിൽ അഭിമാനത്തോടെ അത് ‌രേഖപ്പെടുത്തി‍ ഒപ്പം ഒരു കലപ്പയും ചേർത്തു വച്ചിരിക്കുകയാണ് സുമേഷ് എന്ന മകൻ. പാണാവള്ളി പഞ്ചായത്ത് 9–ാം വാർഡ് വെളിയിൽ (ദേവരാഗം) വി.എസ്. സുമേഷിന്റെ പുതിയ വീട്ടിലെ സ്വീകരണ മുറിയിലാണ് ഉള്ളുണർത്തുന്ന  ഇൗ കാഴ്ച്ച. സുമേഷിന്റെ അച്ഛൻ സുരേന്ദ്രൻ കർഷകത്തൊഴിലാളിയായിരുന്നു. കാളകളെ കൊണ്ടു നിലം ഉഴുതുമറിക്കുന്ന കാളപൂട്ടലായിരുന്നു പ്രധാന തൊഴിൽ. ഒട്ടേറെ സ്ഥലങ്ങളിലായി വർഷങ്ങളോളം തൊഴിൽ ചെയ്തു. സ്വന്തമായി കാളകളും കലപ്പയുമുണ്ടായിരുന്നു.

പകൽ വെയിൽ മുഴുവനുമേറ്റ് തൊഴിൽ ചെയ്തു വൈകിട്ട് ക്ഷീണിച്ചു വരുന്ന അച്ഛനെയാണ് താൻ ചെറുപ്പത്തിൽ കണ്ടിട്ടുള്ളതെന്ന് സുമേഷ് പറഞ്ഞു. അച്ഛന്റെ തൊഴിലിനെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. ആ ‘തണലിലാണ്’ അമ്മ ആനന്ദവല്ലിയും താനും സഹോദരങ്ങളായ സുജിയും ആശയും കഴിഞ്ഞത്. കെട്ടിട നിർമാണ കരാറുകാരനും കർഷകനുമാണ് സുമേഷ്. കാളപൂട്ടൽ തൊഴിൽ വിട്ട് അച്ഛൻ വിശ്രമം തുടങ്ങിയതോടെ അച്ഛൻ അവസാനമായി ഉപയോഗിച്ചിരുന്ന കലപ്പ സുമേഷ് സൂക്ഷിക്കുന്നുണ്ടായിരുന്നു.

അടുത്തിടെയാണ് ഇവരുടെ പുതിയ വീടിന്റെ നിർമാണം പൂർത്തിയായത്. അച്ഛൻ അറിയാതെ തന്നെയാണ് മിനുക്കി പുതുക്കിയ കലപ്പയും വാചകങ്ങൾ അടങ്ങിയ ബോർഡും സ്ഥാപിച്ചത്. അതുകണ്ട്, തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ അച്ഛന്റെ കണ്ണീരിന്റെ ചൂട് അനുഗ്രഹ മഴയായിരുന്നെന്നും സുമേഷിന്റെ വാക്കുകൾ. കഴിഞ്ഞയാഴ്ച്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശം. അവിടെയെത്തിയ അതിഥികളും സുമേഷിനെയും അച്ഛനെയും അഭിനന്ദിക്കാൻ മറന്നില്ല. ഭാര്യ ദീപ്തിയും മക്കൾ ദേവദത്തും ദേവദേവും അടങ്ങുന്നതാണ് സുമേഷിന്റെ കുടുംബം.

കൂടുതൽ വാർത്തകൾക്ക് : www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT