സ്ഥലം കൈമാറ്റ വിവാദം, ജില്ലാ കൃഷിത്തോട്ടത്തിൽ കൊടികുത്തി കോൺഗ്രസ്

Mail This Article
മാവേലിക്കര ∙ തഴക്കര പഞ്ചായത്തിലെ കല്ലിമേൽ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷിത്തോട്ടത്തിലെ രണ്ടര ഏക്കർ സ്ഥലം കൂടി ഹോർട്ടികോർപിനു കൈമാറാൻ നീക്കം നടക്കുന്നു എന്നാരോപിച്ചുള്ള വിവാദത്തിനു പിന്നാലെ സ്ഥലത്തു കോൺഗ്രസും ഫാം വർക്കേഴ്സ് ഫെഡറേഷനും (ഐഎൻടിയുസി) കൊടികുത്തി. ഇന്നു ജില്ലാ കൃഷിത്തോട്ടത്തിനു മുന്നിൽ ധർണ നടത്തും. സ്ഥലം അളക്കുന്നതിനു ഉദ്യോഗസ്ഥർ എത്തുമെന്ന സൂചന ലഭിച്ചതിനെ തുടർന്നു കോൺഗ്രസ്, ഫാം വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) നേതാക്കളും കഴിഞ്ഞ ദിവസം രാവിലെ തന്നെ സ്ഥലത്ത് എത്തിയിരുന്നു.
ഉച്ചവരെ ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്നു നേതാക്കൾ സ്ഥലത്ത് കൊടികുത്തി. കൃഷിത്തോട്ടത്തിന്റെ സ്ഥലം കൈമാറാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കുമെന്നു നേതാക്കൾ പറഞ്ഞു. കെപിസിസി നിർവാഹക സമിതിയംഗം കോശി എം..കോശി, സുരേഷ് കുമാർ കളീക്കൽ, വൈ.രമേശ്, സൂര്യ വിജയകുമാർ, സാം ജോർജ്, ശ്രീകുമാര മേനോൻ, ലൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണു കൊടി കുത്തിയത്. അതിനിടെ സ്ഥലം കൈമാറ്റം സംബന്ധിച്ചു തങ്ങൾക്ക് അറിയില്ലെന്നാണു റവന്യുവകുപ്പ് അധികൃതർ പറയുന്നത്.
രണ്ടര ഏക്കർ സ്ഥലം കെ.ആർ.ഗൗരിയമ്മ കൃഷി മന്ത്രി ആയിരിക്കെ ഹോർട്ടികോർപിനു തേനീച്ച വളർത്തൽ കേന്ദ്രം ആരംഭിക്കാനായി 5 വർഷ കരാറിൽ നൽകിയിരുന്നു. പിന്നീട് റവന്യുവകുപ്പ് 30 വർഷത്തേക്കു കൂടി സ്ഥലം അനുവദിച്ചതായി ഹോർട്ടികോർപ് അധികൃതർ പറഞ്ഞു. ഇന്നു രാവിലെ 10നു ധർണ കെപിസിസി നിർവാഹക സമിതിയംഗം കോശി എം..കോശി ഉദ്ഘാടനം ചെയ്യും. ഫാം വർക്കേഴ്സ് ഫെഡറേഷനും (ഐഎൻടിയുസി) ജനറൽ സെക്രട്ടറി സുരേഷ് കുമാർ കളീക്കൽ അധ്യക്ഷത വഹിക്കും.