വന്ദേഭാരത് വരുന്നു, ട്രാക്കിലെ പഴയ പാളങ്ങൾ മാറ്റി നവീകരണം ദ്രുതഗതിയിൽ

Mail This Article
കായംകുളം∙ തീരദേശ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നതിന്റെ ഭാഗമായി ട്രാക്കിലെ പഴയ പാളങ്ങൾ മാറ്റി യന്ത്രങ്ങളുടെ സഹായത്തോടെ പുതിയത് സ്ഥാപിക്കുന്ന ജോലികൾ ദ്രുതഗതിയിൽ നടക്കുന്നു. വന്ദേഭാരതിന്റെ വേഗതയ്ക്കനുസരിച്ചുള്ള ശേഷി ചില സ്ഥലങ്ങളിൽ പാളത്തിന് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കരുവാറ്റയ്ക്കും കായംകുളത്തിനുമിടയിലുള്ള സ്ലീപ്പറുകളും റെയിലുകളും ഉൾപ്പെടെ പുതിയത് സ്ഥാപിക്കുന്നത്.
കരുവാറ്റ ആയാപറമ്പ് റെയിൽ ഗേറ്റ് മുതൽ കായംകുളം വരെയുള്ള ഭാഗത്ത് പടിഞ്ഞാറു വശത്തെ ട്രാക്കാണ് നവീകരിക്കുന്നത്. കോൺക്രീറ്റ് സ്ലീപ്പറുകളും റെയിലുകളും പൂർണമായി മാറ്റിയാണ് നവീകരണം. കരുവാറ്റ മുതൽ ചേപ്പാട് വരെ പാളങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. കായംകുളം വരെയുള്ള ജോലികൾ ഉടൻ പൂർത്തിയാകും. കായംകുളം സ്റ്റേഷന് സമീപത്ത് കോൺക്രീറ്റ് സ്ലീപ്പറിൽ 12 മീറ്റർ നീളത്തിൽ പാളങ്ങൾ യന്ത്ര സഹായത്തോടെ ഘടിപ്പിച്ച് പ്രത്യേക വാഹനത്തിൽ എത്തിച്ചാണ് പാത നവീകരിക്കുന്നത്.
തീരദേശപാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെയാണ് ഇരട്ടപ്പാതയുള്ളത്.വന്ദേഭാരതിനൊപ്പം തീരദേശ പാതയിൽ ഓടുന്ന മറ്റ് ട്രെയിനുകൾക്കെല്ലാം പരമാവധി വേഗം ഉറപ്പാക്കാനാണ് പാളം മാറ്റി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. അമ്പലപ്പുഴ–കുമ്പളം റൂട്ടിൽ ഒരു പാത മാത്രമുള്ളതിനാൽ ലക്ഷ്യമിടുന്ന വേഗത്തിൽ വന്ദേഭാരതിന് സർവീസ് നടത്താനാകുമോയെന്ന ആശങ്ക റെയിൽവേയ്ക്കുണ്ട്. പാലങ്ങൾ ബലപ്പെടുത്തിയും പഴയപാളങ്ങൾ നീക്കം ചെയ്തും വേഗം കൂട്ടാമെന്ന പ്രതീക്ഷയാണ് റെയിൽവേയ്ക്കുള്ളത്.
തകഴി - അമ്പലപ്പുഴ ഭാഗത്തെ കോരം കുഴിയിലും കുമ്പളം പാലത്തിലും ഇപ്പോൾ തന്നെ വേഗനിയന്ത്രണമുണ്ട്. ഹരിപ്പാട് ചേപ്പാട് ഭാഗത്ത് 25 കിലോമീറ്റർ വേഗമാണ് അനുവദിച്ചിരിക്കുന്നത്. പാത നവീകരിക്കുന്നതോടെ 100 കിലോമീറ്റർ വരെ വേഗം ഉറപ്പാകും. ട്രാക്ക് നവീകരണം പൂർണനിലയിൽ പൂർത്തിയാകാൻ ഒരു മാസം വേണ്ടിവരും.
English Summary: Vande Bharat express train