കുട്ടനാട്ടിലെ പാർട്ടിമാറ്റം സിപിഎമ്മും സിപിഐയുമായി പ്രശ്നമില്ലെന്ന് മന്ത്രി
Mail This Article
ആലപ്പുഴ ∙ കുട്ടനാട്ടിൽ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നതിലെ യാഥാർഥ്യം സിപിഎം ഉൾക്കൊള്ളുന്നു എന്നതിന്റെ സൂചനയായി മന്ത്രി സജി ചെറിയാന്റെ പ്രതികരണം. പാർട്ടികൾ തമ്മിൽ തർക്കമുണ്ടാകുമ്പോൾ ആളുകൾ പാർട്ടി മാറുന്നത് സ്വാഭാവികമാണെന്നായിരുന്നു ഇന്നലെ സജി ചെറിയാന്റെ വാക്കുകൾ. ഇങ്ങനെയൊരു വ്യാഖ്യാനത്തിലാണ് ഇപ്പോൾ സിപിഎം നേതൃത്വവും എത്തിയിരിക്കുന്നത്. സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നമില്ലെന്നും സഹോദര പാർട്ടികളാണെന്നും സജി ചെറിയാൻ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്ന് ആളുകൾ മാറുന്നതു സ്വാഭാവികമാണ്. സിപിഎം ഇതിനെ സംഘടനാപരമായി കൈകാര്യം ചെയ്യും.
സിപിഐയും അവരുടെ രീതിയിൽ അത് ചെയ്യുമെന്നാണു വിശ്വാസം. സിപിഎമ്മും സിപിഐയും തമ്മിൽ തർക്കമുണ്ടാകുമ്പോൾ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും മാറാറുണ്ട്. സിപിഎമ്മിൽനിന്നു കുറേപ്പേർ പോയാൽ തിരിച്ചു കുറേപ്പേർ വരും. അതു സ്വാഭാവികമാണ്. പക്ഷേ, ഞങ്ങൾക്കു മുന്നിലുള്ള പ്രധാന പ്രശ്നം ഇതൊന്നുമല്ല. ഇത്തരം വിഷയമൊന്നും മുന്നണിയെ ബാധിക്കില്ല.’’ ബിജെപി ഉയർത്തുന്ന വർഗീയതയെ നേരിടുകയാണ് രണ്ടു പാർട്ടികളുടെയും പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു
സിപിഐയിൽ ചേർന്നവരിൽ ഭൂരിഭാഗവും പാർട്ടി അംഗങ്ങളല്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ സിപിഎം നേതാക്കളുടെ പ്രതികരണം. പാർട്ടി വിട്ടവർ പോയത് അവസരവാദികൾക്കൊപ്പമെന്നും മറ്റും പറഞ്ഞ് അടുത്ത ഘട്ടത്തിൽ സിപിഐയെക്കൂടി ആക്ഷേപിക്കുന്ന വിധത്തിലായി നേതാക്കളുടെ പ്രസംഗങ്ങൾ. സിപിഎമ്മിൽനിന്നു കൂട്ടമായി എത്തിയവരിലൂടെ കുട്ടനാട്ടിൽ വലിയ നേട്ടമുണ്ടായെങ്കിലും സിപിഎമ്മിനെ പ്രകോപിപ്പിക്കാൻ സിപിഐ നേതൃത്വം മടിക്കുകയായിരുന്നു.
എന്നാൽ, സിപിഎം നേതാക്കൾ പരസ്യമായി വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്തതിനു ശേഷം രൂക്ഷമായ മറുപടി നൽകാൻ ജില്ലാ സെക്രട്ടറി തയാറായി.വിഷയം ഇങ്ങനെ അവസാനിക്കട്ടെ എന്നാണു സിപിഐ നേതൃത്വത്തിന്റെയും നിലപാട്. ജില്ലയുടെ മറ്റു ചില ഭാഗങ്ങളിലും സിപിഎം പ്രവർത്തകർ സിപിഐയിൽ ചേരാനൊരുങ്ങുന്നു എന്ന വാർത്തകൾ സിപിഐ ജില്ലാ സെക്രട്ടറി നിഷേധിച്ചതും ‘സമാധാനശ്രമത്തിന്റെ’ ഭാഗമാണ്. സിപിഎമ്മിനെ കൂടുതൽ പ്രകോപിപ്പിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ സിപിഐക്ക് അതു ദോഷകരമായേക്കുമെന്ന തിരിച്ചറിവാണു നേതാക്കളെ ശാന്തരാക്കുന്നത്.