ലഹരി വിൽപന വ്യാപകം: പരിശോധന വേണമെന്ന് ആവശ്യം
Mail This Article
മുതുകുളം∙തീരദേശ മേഖലകളിൽ ലഹരി മാഫിയ പിടിമുറുക്കുന്നതായി പരാതി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിലാണ് ലഹരി ഇടപാടുകൾ വ്യാപകമാകുന്നത്. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ ബീച്ച്, ഹാർബർ എന്നിവ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന ആരംഭിച്ചിട്ട് മാസങ്ങളായെന്നാണ് നാട്ടുകാരുടെ പരാതി.
കായംകുളത്ത് നിന്ന് കൊച്ചിയുടെ ജെട്ടി പാലം വഴിയും ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് വലിയഴീക്കൽ പാലം വഴിയും ലഹരി പദാർഥങ്ങൾ എത്തുന്നുണ്ട്. ഞായർ അടക്കമുള്ള അവധി ദിവസങ്ങളിൽ വലിയഴീക്കൽ ബീച്ച്, ലൈറ്റ് ഹൗസ്, പാലം എന്നിവ കാണാൻ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഇതിന്റെ മറവിലാണ് ലഹരി വിൽപന പൊടിപൊടിക്കുന്നത്.
തിരക്കുള്ള ദിവസങ്ങളിൽ തൃക്കുന്നപ്പുഴ പൊലീസ് ഈ ഭാഗങ്ങളിൽ നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്. കോസ്റ്റൽ പൊലീസിന്റെ സേവനം വേറെയുമുണ്ട്. എന്നാൽ എക്സൈസ് വിഭാഗം കാര്യമായ പരിശോധന നടത്തുന്നില്ലെന്നാണ് ആരോപണം. ഓണം, പുതുവത്സരം തുടങ്ങിയ ആഘോഷ വേളകളിൽ മാത്രമാണ് എക്സൈസിന്റെ പരിശോധന നടക്കുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന, പള്ളിപ്പാട്ടുമുറി, കെവി ജെട്ടി എന്നിവിടങ്ങളിലാണ് ലഹരി വിൽപന.
പല്ലനയിൽ നിന്ന് എംഡിഎംഎ അടക്കമുള്ള മാരക ലഹരി പദാർഥങ്ങൾ പൊലീസ് പിടികൂടിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് ദിവസമെങ്കെലും പൊലീസ്– എക്സൈസ് വിഭാഗത്തിന്റെ സംയുക്ത പരിശോധന ഉണ്ടാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.