ലഹരി വിൽപന തടയാൻ പരിശോധന 45 പേർ പിടിയിൽ പരിശോധന 75 കേന്ദ്രങ്ങളിൽ; എംഡിഎംഎയും കഞ്ചാവും പിടികൂടി
Mail This Article
ആലപ്പുഴ∙ ലഹരി ഉപയോഗവും വിൽപനയും തടയാനായി ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിൽ ജില്ലയിൽ 45 പേർ പിടിയിൽ. രണ്ടര കിലോഗ്രാം കഞ്ചാവും 4.23 ഗ്രാം എംഡിഎംഎയും മറ്റു ലഹരിവസ്തുക്കളും കണ്ടെടുത്തു. വിവിധ സ്റ്റേഷനുകളിലായി 44 കേസുകൾ റജിസ്റ്റർ ചെയ്തു. 23ന് രാവിലെ 7 മുതൽ രാത്രി 12 വരെയാണ് ജില്ലയിലെ 75 കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്.
ബീച്ചുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയ്ക്കു സ്ഥിരം ലഹരി കൈമാറ്റ കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. ലഹരി വിൽപനക്കാരുടെയും, ഇടനിലക്കാരുടെയും പട്ടിക നേരത്തേ തയാറാക്കിയിരുന്നു. ഓരോ സ്റ്റേഷൻ പരിധിയിലും എസ്എച്ച്ഒ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.
നർകോട്ടിക് സെൽ അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു. പുന്നപ്ര മാർക്കറ്റിനു സമീപം നടത്തിയ പരിശോധനയിലാണ് രണ്ടു കിലോഗ്രാം കഞ്ചാവുമായി അമ്പലപ്പുഴ വടക്ക് സ്വദേശി മാന്തറ അഭിജിത്ത് ഷാജി പിടിയിലായത്. ലഹരി വിൽപനക്കാരുടെയും വിൽപന കേന്ദ്രങ്ങളുടെയും പട്ടിക തയാറാക്കിയിട്ടുണ്ടെന്നും പരിശോധന തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.