കുട്ടംപേരൂർ ഊട്ടുപറമ്പ് ജംക്ഷനിൽ 2 വീടുകളിൽ മോഷണം: ഇരുവീടുകളിലെയും സിസിടിവി ക്യാമറകൾ ദിശ മാറ്റി വച്ച നിലയിൽ

Mail This Article
മാന്നാർ ∙ വീട്ടുകാരില്ലാത്ത കുട്ടംപേരൂർ ഊട്ടുപറമ്പ് ജംക്‌ഷനു സമീപത്തെ പ്രവാസിയുടെയും ഡോക്ടറുടെയും വീടുകളിൽ മോഷണം, പ്രവാസിയുടെ വീട്ടിലെ സ്വർണമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയെന്നു നിഗമനം. പ്രവാസി മാന്നാർ കുട്ടംപേരൂർ രാജശ്രീയിൽ രാജശേഖരൻ പിള്ള, ദീപ്‌തിയിൽ ഡോ. ദിലീപ്കുമാറിന്റെയും വീടുകളിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. ഇന്നലെ രാവിലെ ഡോക്ടറുടെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീട്ടിലെ സിസിടിവി ക്യാമറകളുൾപ്പെടെ നശിപ്പിച്ചു. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു വീടുകളിലും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളെല്ലാം ദിശ മാറ്റി വച്ച നിലയിലാണ്.വീട്ടിനുള്ളിൽ നിന്നും സിസിടിവി ക്യാമറയുടെ ഡിവിആർ ഉൾപ്പെടെ മോഷ്ടാക്കൾ കവർന്നെടുത്തു കൊണ്ടുപോയി. ഡോ. ദിലീപ്‌കുമാറിന്റെ വീടിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്രില്ലുകളുടെ താഴുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. വാതിലുകൾ കുത്തി പൊളിച്ചാണ് തുറന്നത്.
സമീപ പ്രദേശത്തെ ക്യാമറകൾ അന്വേഷിച്ചു പോയ പൊലീസ് ഉദ്യോഗസ്ഥനാണ് രാജശേഖരൻ നായരുടെ വീടിനു മുൻവശം ചെടിചട്ടി മറിഞ്ഞു കിടക്കുന്നതും മുകൾ നിലയിലെ വാതിൽ തുറന്നു കിടക്കുന്നതും ആദ്യം കണ്ടത്.അതോടെയാണ് ഇവിടെയും മോഷണം നടന്നെന്നുള്ള സംശയമുണ്ടായതിനെ തുടർന്ന് പരിശോധന നടത്തിയത്. പ്രവാസിയും കുടുംബവും വിദേശത്താണ്. രാജശേഖരൻ പിള്ളയുടെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

വീടിന്റെ പരിസരത്ത് പരിശോധിച്ചപ്പോൾ ഈ വീടിന്റെയും സിസിടിവി ക്യാമറകൾ ദിശ മാറ്റി വച്ചതായി കണ്ടു. രാജശേഖരൻ പിള്ളയുടെ വീടിന്റെ മുൻവശത്തെ വാതിൽ കമ്പിപ്പാരയോ മറ്റോ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്.എല്ലാ മുറികളുടെയും വാതിലുകൾ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനുള്ളിൽ കയറിയ മോഷ്ടാക്കൾ ലോക്കറുകൾ ഉൾപ്പെടെ തകർത്തു തിരച്ചിൽ നടത്തിയിട്ടുണ്ട്.
സ്വർണമടക്കമുള്ള വിലപ്പെട്ട സാധനങ്ങൾ മോഷണം പോയതായാണ് വിവരം. രാജശേഖരൻ പിള്ളയോ കുടുംബാംഗങ്ങളോ എത്തിയെങ്കിലേ കൃത്യമായ വിവരം അറിയാൻ കഴിയുവെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള കെ നയൻ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ആലപ്പുഴ ഫിങ്കർപ്രിന്റ് ബ്യൂറോയിൽ നിന്ന് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local