ADVERTISEMENT

ആലപ്പുഴ ∙ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കാറിനു കൈ കാണിച്ചപ്പോൾ ചെങ്ങന്നൂർ കാരക്കാട് സ്വദേശി സി.ശശികുമാർ ഒന്നു പകച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീലേഖയുടെ മുഖത്തും പരിഭ്രമം. പുറത്തിറങ്ങി ലൈസൻസ് കൂടി പരിശോധിച്ചപ്പോൾ ആശങ്ക പെരുകി. നല്ല ഡ്രൈവിങ്ങിന് ഒരു സമ്മാനം തരാനാണെന്നു പറഞ്ഞപ്പോൾ മുഖം തെളിഞ്ഞു; ചിരി വിടർന്നു. മലയാള മനോരമയും ഇവിഎം ഫോക്സ്‌വാഗനും ചേർന്നു മോട്ടർ വാഹനവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ‘സുരക്ഷിത യാത്രയ്ക്കു സുനിശ്ചിത സമ്മാനം’ പരിപാടിയിലെ ആദ്യ വിജയിയായിരുന്നു ശശികുമാർ.

ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിച്ച അരുൺ ബാബു, ഷിജോ ജേക്കബ്, എച്ച്.കെ.സാദിഖ്, ജി.ദീപക്, ഷാനിദ നിയാസ്, എ.നൗഷാദ്, സജീർ കാസിം എന്നിവർ.
ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിച്ച അരുൺ ബാബു, ഷിജോ ജേക്കബ്, എച്ച്.കെ.സാദിഖ്, ജി.ദീപക്, ഷാനിദ നിയാസ്, എ.നൗഷാദ്, സജീർ കാസിം എന്നിവർ.

ആലപ്പുഴ ബൈപാസിലും ശവക്കോട്ടപ്പാലത്തിനു സമീപവുമായിരുന്നു ഇന്നലെ പരിശോധന. അമിതവേഗവും അപകടകരമായ ഓവർടേക്കും മൂലം അപകടങ്ങൾ പതിവായ ബൈപാസിൽ മഞ്ഞവരയുള്ള സ്ഥലങ്ങളിൽ ഓവർടേക്ക് ചെയ്യാതെയും നിയമങ്ങൾ പാലിച്ചും നിശ്ചിത വേഗത്തിൽ വാഹനമോടിച്ചുമാണു ചെങ്ങന്നൂർ കാരക്കാട് ശ്രീസദനത്തിൽ സി.ശശികുമാർ സമ്മാനത്തിന് അർഹനായത്. മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ കെ.സി.ആന്റണി.

മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ വിനീത ഗോപി, ഇവിഎം ഫോക്സ്‌വാഗൻ സെയിൽസ് കൺസൽറ്റന്റ് യു.അഭിജിത്ത് എന്നിവർ ചേർന്നു സമ്മാനം കൈമാറി. ബൈപാസിൽ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിച്ച നെടുങ്കണ്ടം പുലിതൂക്കിൽ അരുൺ ബാബു, പാണാവള്ളി കൈറ്റാത്ത് ഷിജോ ജേക്കബ്, ആലപ്പുഴ ഗുരുമന്ദിരം വാർഡ് റിഹാൻ നെസ്റ്റിൽ എച്ച്.കെ.സാദിഖ്, കളരിക്കൽ ദീപ്തിയിൽ ജി.ദീപക് എന്നിവരും സമ്മാനത്തിന് അർഹരായി. 

തലയ്ക്കു സുരക്ഷ, എല്ലാവർക്കും 

ഷാനിദ സ്കൂട്ടർ ഓടിക്കുമ്പോൾ ഒന്നര വയസ്സുകാരി നിദ ഫാത്തിമ നെഞ്ചിൽ മയങ്ങുകയായിരുന്നു. ശരീരത്തോടു ചേർത്തു ബന്ധിക്കുന്ന സേഫ്റ്റി ബെൽറ്റിലാണു നിദ. യുകെജി വിദ്യാർഥിയായ മകൻ നിഹാലിനെ കൂട്ടാനുള്ള യാത്രയാണ്. മകനുള്ള ഹെൽമറ്റ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്നു. 9 മാസം മുതൽ 4 വയസ്സു വരെയുള്ള കുട്ടികളുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഇത്തരം സേഫ്റ്റി ബെൽറ്റുകൾ ഉപയോഗിക്കണമെന്നാണു കേന്ദ്ര മോട്ടർ വാഹന നിയമത്തിന്റെ കരടിൽ പറയുന്നത്.

ഈ സുരക്ഷാ പാഠം പാലിച്ചാണു ഗുരുപുരം ബൈത്തുൽ ഫാത്തിമയിൽ ഷാനിദ നിയാസ് സമ്മാനത്തിലേക്കു സ്കൂട്ടറോടിച്ചെത്തിയത്. റോഡ് നിയമങ്ങൾ പാലിച്ചു സ്കൂട്ടർ ഓടിച്ചതിനാണു കുതിരപ്പന്തി കമ്പിളിവളപ്പ് എ.നൗഷാദും ഭാര്യ മുംതാസും സമ്മാനാർഹരായത്.  ഇരുവർക്കും ഹെൽമറ്റ് ഉണ്ടായിരുന്നു. ചിൻ സ്ട്രാപ്പും കൃത്യമായി ധരിച്ചിരുന്നു. മകൻ അയാന് (6) ഹെൽമറ്റ് ഉറപ്പാക്കിയ ശവക്കോട്ട പാലം മൗലാപറമ്പ് സജീർ കാസിമും ഇതേ കാരണത്താൽ സമ്മാനം നേടി. എംവിഐ എസ്.സുനിൽ, എംഎംവിഐമാരായ എ.നജീബ്, സി.ജി.ചന്തു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ഇന്നുമുണ്ട് സമ്മാനം 

റോഡ് നിയമങ്ങൾ പാലിച്ചു വാഹനമോടിക്കുന്നവരെ കാത്ത് ഇന്നും സമ്മാനങ്ങൾ വഴിയിലുണ്ട്. സ്ഥലവും സമയവും സസ്പെൻസ്. ജില്ലയിലെ ഏതു റോഡിലും ഏതു സമയത്തും മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരെ പ്രതീക്ഷിക്കാം. അവർ കണ്ടെത്തുന്ന മികച്ച ഡ്രൈവർക്കു മനോരമയും ഇവിഎം ഫോക്സ്‌വാഗനും ചേർന്നു നൽകുന്ന തത്സമയ സമ്മാനം ഉറപ്പ്.

ഒരു ദിവസം 8 പേർക്കു വീതം 5 ദിവസത്തിനിടെ 40 പേർക്കാണു സമ്മാനം. ജില്ലയിൽ പെരുകുന്ന വാഹനാപകടങ്ങളെക്കുറിച്ചു ചർച്ച ചെയ്ത ‘അതിവേഗത്തിൽ പൊലിയരുത്’ പരമ്പരയുടെ തുടർച്ചയായി മലയാള മനോരമ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായാണു മികച്ച ഡ്രൈവർമാരെ കണ്ടെത്തി സമ്മാനം നൽകുന്നത്. നല്ല ഡ്രൈവിങ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT