ADVERTISEMENT

ആലപ്പുഴ ∙ പുന്നമട ഫിനിഷിങ് പോയിന്റ് ജെട്ടിയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൗസ്ബോട്ട് ടെർമിനൽ നിർമിക്കാൻ ശുപാർശ. വിമാനത്താവളങ്ങൾക്കു സമാനമായ സുരക്ഷാ പരിശോധന ഉൾപ്പെടെയുള്ള സൗകര്യങ്ങളാകും ടെർമിനലിൽ ഉണ്ടാകുക. പുന്നമട ടെർമിനലിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതാണു പദ്ധതി. നിലവിൽ ഒരു മഴയ്ക്കു തന്നെ ചെളിയായി മാറുന്ന പുന്നമട ജെട്ടിക്കു പുത്തൻ പ്രതീക്ഷയാണിത്. വിമാനത്താവളങ്ങൾക്കു സമാനമായി പ്രവേശനത്തിനുൾപ്പെടെ മാറ്റം വരും.

ടെർമിനലിലേക്കു പ്രവേശിക്കാനുള്ള വഴികൾ കുറച്ച് എല്ലായിടത്തും പരിശോധനയ്ക്കു ശേഷം മാത്രമാകും പ്രവേശനം അനുവദിക്കുക. നിലവിൽ പുന്നമടയിൽ എത്ര സഞ്ചാരികൾ എത്തുന്നുണ്ടെന്നോ, അവർ ഏതൊക്കെ ബോട്ടുകളിലേക്കു പോകുന്നെന്നോ സർക്കാരിനു കൃത്യമായ കണക്കില്ല. പുതിയ ടെർമിനൽ വരുന്നതോടെ പുന്നമടയിലെത്തുന്ന ഓരോ സഞ്ചാരിയുടെയും വിവരങ്ങൾ ശേഖരിക്കാനാകും. ഡിടിപിസിയോ മറ്റേതെങ്കിലും സർക്കാർ ഏജൻസി വഴിയോ ആകും ബോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുക.

രാജ്യാന്തര നിലവാരത്തിലുള്ള കഫെറ്റീരിയ, ടീ സ്റ്റാൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ആലോചനയിലുണ്ടെന്നാണു സൂചന. നെഹ്റു പവിലിയൻ കേരളത്തനിമ നിലനിർത്തി പുത്തൻ രൂപഭാവത്തിലേക്കു മാറ്റാനും ആലോചനയുണ്ട്. ഈ പദ്ധതികളുടെ വിശദമായ രൂപരേഖ ടൂറിസം വകുപ്പ് തയാറാക്കുകയാണ്. സർക്കാർ തലത്തിൽ അനുമതി ലഭിച്ച ശേഷമാകും ബാക്കി നടപടിക്രമങ്ങളിലേക്കു കടക്കുക.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com