ADVERTISEMENT

പൂച്ചാക്കൽ ∙ ഉദാത്തമായ സഹജീവി സ്നേഹത്തിന് ജയകുമാറിനു നൽകാം ബിഗ് സല്യൂട്ട്... ഭിന്നശേഷിക്കാരനെങ്കിലും തന്നെക്കാൾ പ്രയാസം അനുഭവിക്കുന്ന മറ്റൊരാൾക്ക് തന്റെ മുച്ചക്ര സൈക്കിൾ നൽകിയിരിക്കുകയാണ് ചേർത്തല വല്ലയിൽ അറക്കപ്പറമ്പിൽ ജയകുമാർ (48). കയ്യിലെ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റു തീർക്കാൻ നട്ടുച്ച വെയിലിലും പൂച്ചാക്കലിലെ റോഡരികിൽ മുട്ടുകുത്തി നിൽക്കുന്ന ഭിന്നശേഷിക്കാരനായ പാണാവള്ളി പഞ്ചായത്ത് 10–ാം വാർഡ് കൊച്ചുപെണ്ണുവെളി രമേശന്റെ (54) അവസ്ഥ സംബന്ധിച്ച് കഴിഞ്ഞയാഴ്ച ‘മലയാള മനോരമ’ വാർത്ത നൽകിയിരുന്നു.

ജന്മനാ കാലുകൾ തളർന്ന രമേശന് 6 മാസം മുൻപ് കാലുകൾക്ക് തളർച്ച കൂടിയതോടെ ആശുപത്രിയിലും വീട്ടിലുമായി ചികിത്സയും വിശ്രവുമായിരുന്നു. ഭേദമായി ഭാഗ്യക്കുറി വിൽപ്പന വീണ്ടും തുടങ്ങാൻ ഒരുങ്ങിയപ്പോഴാണ് മുച്ചക്ര സൈക്കിൾ തകരാറായത്. അതോടെ വീട്ടിൽ നിന്നും ദിവസവും 150 രൂപ ചെലവിൽ ഓട്ടോയിൽ പൂച്ചാക്കലെത്തി ഭാഗ്യക്കുറി വിൽപ്പന നടത്താൻ തുടങ്ങി. റോഡരികിൽ പായ വിരിച്ച് മുട്ടുകുത്തി നിന്നുള്ള ഭാഗ്യക്കുറി വിൽപ്പന ഏറെപേരെ സങ്കടത്തിലാക്കിയിരുന്നു.

രമേശന്റെ വാർത്ത അറിഞ്ഞ ജയകുമാർ താൻ അംഗമായ ചേർത്തല കേന്ദ്രീകരിച്ചുള്ള അസോസിയേഷൻ ഓഫ് ചാരിറ്റബിൾ ആൻഡ് കൾചറൽ ഓർഗനൈസേഷൻസ് ഓഫ് കേരള (അകോക്) കോ ഓർഡിനേറ്റർമാരായ എസ്. ശിവമോഹൻ, എം. ഹരികൃഷ്ണൻ എന്നിവരോട് തന്റെ മുച്ചക്ര സൈക്കിൾ രമേശന് കൊടുക്കാമെന്ന് അറിയിച്ചു.

ജയകുമാറിന് മറ്റൊരു സംഘടന കൊടുത്ത മുച്ചക്ര സൈക്കിൾ കുറച്ചുകാലമേ ഉപയോഗിച്ചുള്ളൂ. സ്വർണപ്പണിക്കാരനായിരുന്നു ജയകുമാർ. 10 വർഷത്തിൽപ്പരമായി കൈ – കാലുകൾക്ക് ശേഷിക്കുറവാണ്. പരസഹായത്തോടെയാണ് സഞ്ചരിക്കുന്നത്. ഇന്നലെ ജയകുമാർ, ഭാര്യ മിനി, എസ്. ശിവമോഹൻ, എം. ഹരികൃഷ്ണൻ, അകോക് കമ്മിറ്റി അംഗം ഛോട്ടാ വിപിൻ എന്നിവർ പൂച്ചാക്കലെത്തി രമേശന് മുച്ചക്ര സൈക്കിൾ കൈമാറി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com