കിഴക്കേനട സർവീസ് സഹകരണ ബാങ്ക്: കോടികളുടെ ക്രമക്കേടെന്ന് പരാതി

Mail This Article
ചെങ്ങന്നൂർ ∙ കിഴക്കേനട സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് വിജിലൻസിൽ പരാതി. സൊസൈറ്റി നിയമങ്ങൾ പാലിക്കാതെ നിയമനം നടത്തിയെന്നും ആക്ഷേപം. ചെങ്ങന്നൂർ വേങ്ങൂർ രമേശ് ബാബുവാണ് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. 2 പതിറ്റാണ്ടിലേറെയായി സംഘപരിവാർ അനുഭാവമുള്ള ഭരണസമിതിയാണു ബാങ്ക് ഭരിക്കുന്നത്.
ഇക്കാലയളവിൽ 1.79 കോടിയുടെ സാമ്പത്തിക നഷ്ടം ബാങ്കിനുണ്ടായെന്ന് അസി.റജിസ്ട്രാർ രേഖാമൂലം എഴുതി തന്നിട്ടുണ്ടെന്ന് രമേശ് ബാബു പറയുന്നു. കൂടാതെ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും സൊസൈറ്റി അസി.റജിസ്ട്രാറുടെ (ജനറൽ) റിപ്പോർട്ട് ഉണ്ടെന്നും പരാതിയിൽ പറയുന്നു. ക്രമക്കേടുകൾ യഥാസമയം പൊലീസിൽ അറിയിക്കാതെ ഒതുക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയതെന്നും രമേശ് ആരോപിക്കുന്നു.
‘ആരോപണങ്ങൾ അടിസ്ഥാന രഹിതം’
ബാങ്കിനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ധനസ്ഥിതി ഭദ്രമാമാണെന്നും ബാങ്ക് പ്രസിഡന്റ് എൻ.രാധാകൃഷ്ണൻ ശ്രീപദം, മുൻ പ്രസിഡന്റ് ജി.പ്രേം ലാൽ എന്നിവർ പറഞ്ഞു.ബാങ്കിനെയും ഭരണസമിതിയെയും അപകീർത്തിപ്പെടുത്താനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. സഹകരണ ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് ബാങ്ക് മുന്നോട്ട് പോകുന്നത്. നിക്ഷേപങ്ങൾ ആവശ്യക്കാർക്ക് തിരികെ നൽകുന്നുണ്ടെന്നും വായ്പകൾ സാധാരണ ഗതിയിൽ നൽകുന്നുണ്ടെന്നും പറഞ്ഞു. നിയമനങ്ങൾ നിയമാനുസൃതമാണു നടത്തിയതെന്നും കൂട്ടിച്ചേർത്തു.