മട നിർമിക്കാനുള്ള ചെലവ് മുൻകൂറായി നൽകണം: നെൽ കർഷക സംരക്ഷണ സമിതി

Mail This Article
വെളിയനാട്∙ പുഞ്ച കൃഷി ഒരുക്കത്തിനിടെ മടവീണ വെളിയനാട് കൃഷിഭവൻ പരിധിയിലെ കിഴക്കേ വെള്ളിശ്രാക്കൽ പാടശേഖരത്തിൽ മട വീണ സ്ഥലം നെൽ കർഷക സംരക്ഷണ സമിതി ഭാരവാഹികൾ സന്ദർശിച്ചു. മട കുത്തുന്നതിന്റെ ചെലവ് പൂർണമായി ജില്ലാ കലക്ടറുടെ ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽ നിന്ന് മുൻകൂറായി ഉടൻ ലഭ്യമാക്കണമെന്നും, രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ഒന്നാം കുട്ടനാട് പാക്കേജിന്റെ അപാകതകൾ പരിഹരിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയ രണ്ടാം കുട്ടനാട് പാക്കേജ് എങ്ങും എത്തുന്നില്ല.
ആഗോളതാപനം മൂലം ജലവിതാനം ഉയരുന്നതിന്റെ ഭാഗമായി പാടശേഖരങ്ങളുടെ പുറംബണ്ടിന് ബലക്ഷയം സംഭവിക്കുന്നതിനാൽ കുട്ടനാട്ടിലെ മിക്കപാടശേഖരങ്ങളും അപകട ഭീഷണി നേരിടുകയാണ്. പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുന്നതിനുള്ള ഫണ്ട് വകയിരുത്തി പദ്ധതികൾ വിഭാവനം ചെയ്ത സമയബന്ധിതമായി നടപ്പിലാക്കണമെന്നും നെൽ കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കോ ഓർഡിനേറ്റർ ജോസ് കാവനാട്, വർക്കിങ് പ്രസിഡന്റ് പി.ആർ.സതീശൻ, വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൾ, ട്രഷറർ ജോൺ സി ടിറ്റോ, കൺവീനർമാരായ ജോബി മൂലംകുന്നം, ബേബിച്ചൻ പത്തിൽ, സജൻ കാരശ്ശേരി, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് എന്നിവരുടെ നേതൃത്വത്തിലാണ് പാടശേഖരം സന്ദർശിച്ചത്.