രൺജീത് ശ്രീനിവാസ് കൊലക്കേസ്: സാക്ഷി വിസ്താരം പൂർത്തിയായി

Mail This Article
മാവേലിക്കര ∙ ബിജെപി നേതാവ് രൺജീത് ശ്രീനിവാസ് കൊലക്കേസിൽ 149 സാക്ഷികളുടെ വിസ്താരം അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി മുൻപാകെ പൂർത്തിയായി. നേരത്തെ സാക്ഷി വിസ്താരത്തിനിടയിൽ കോടതിമുറിയിൽ കുഴഞ്ഞു വീണതു മൂലം സാക്ഷിവിസ്താരം പൂർത്തിയാക്കാൻ സാധിക്കാതിരുന്ന മണ്ണഞ്ചേരി സ്വദേശിയേയും ഇന്നലെ വിസ്തരിച്ചു. സംഭവദിവസം രാവിലെ 4 ഇരുചക്രവാഹനങ്ങളിലായി 8 പേർ ഒരുമിച്ച് യാത്ര ചെയ്യുന്നതു മണ്ണഞ്ചേരിയിൽ വച്ചു കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതിനെ തുടർന്നാണ് മണ്ണഞ്ചേരി സ്വദേശിയെ പ്രോസിക്യൂഷൻ ഭാഗം സാക്ഷിയായി കോടതിയിൽ വിസ്തരിച്ചത്.
ഇതോടെ കേസിലെ ഔദ്യോഗിക സാക്ഷികൾ അല്ലാത്തവരുടെ സാക്ഷിവിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ അവശേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിസ്താരം 30 നു നടക്കും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.