അമ്പലപ്പുഴ ഗവ. കോളജിന് പുതിയ കെട്ടിടം: 20.25 കോടിയുടെ അനുമതി

Mail This Article
അമ്പലപ്പുഴ ∙ ഗവ.കോളജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമാണത്തിന് 20.25 കോടി രൂപയുടെ അനുമതിയായി. 30,000 ചതുരശ്ര അടിയിൽ പി ജി ബ്ലോക്ക്, 14000 ചതുരശ്ര അടിയിൽ ലേഡീസ് ഹോസ്റ്റൽ, 1200 ചതുരശ്ര അടിയിൽ കിച്ചൻ ബ്ലോക്ക് ഉൾപ്പടെ ആകെ 44000 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിന് അന്തിമ രൂപരേഖയായി . നിർമാണച്ചുമതല കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ്.
നിലവിലുള്ള കോളജ് സമുച്ചയത്തിനോടു ചേർന്ന് തെക്കുഭാഗത്തായാണ് പുതിയ ബ്ലോക്ക് പൂർത്തിയാക്കുക. കിഫ്ബിയിൽ നിന്നാണ് നിർമാണത്തിന് ആവശ്യമായ തുക അനുവദിച്ചത്. പദ്ധതി റിപ്പോർട്ടിന്റെ അന്തിമ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി കോളജിൽ ചേർന്ന യോഗത്തിൽ എച്ച്. സലാം എംഎൽഎ അധ്യക്ഷനായി. കിഫ്ബി അപ്രൈസർ വിങ് അധികൃതർ പങ്കെടുത്തു. കിറ്റ്കോ പ്രോജക്ട് എൻജിനീയർ രഞ്ജിത്ത് ഗോപിനാഥ്, കെഎസ് ഐടിഐഎൽ പ്രോജക്ട് എൻജിനീയർ എസ്. ശേഷാദ്രി, കോളജ് പ്രിൻസിപ്പൽ ഡോ.ആർ. ജി. അഭിലാഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.