കടകളിൽ പ്ലാസ്റ്റിക്: പരിശോധനയിൽ വ്യാപാരികൾക്ക് പ്രതിഷേധം
Mail This Article
മാന്നാർ ∙കടകളിൽ നിരോധിത പ്ലാസ്റ്റിക് സൂക്ഷിച്ചതിനെതിരെ മാന്നാറിൽ വ്യാപക പരിശോധന. ചെറുകിടക്കാർക്കു പിഴ, ടൗണിലെ വലിയ കടയിൽ വ്യാപാരികളുടെ പ്രതിഷേധം. വൻകിടക്കാരെ ഒഴിവാക്കിയെന്ന് ആരോപണം. എൽഎസ്ജിഡി ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് മാത്യുവിന്റെ നേതൃത്വത്തിൽ മാന്നാർ കുന്നത്തൂരിലെ ചെറിയ കടകളിലാണ് പരിശോധന നടത്തിയത്.പേപ്പർ ഗ്ലാസുകൾ ഉപയോഗിച്ച ചായക്കട ഉൾപ്പെടെയുള്ള ചെറുകടകൾക്ക് 10,000 രൂപ പിഴയിട്ടു. പിഴ ശിക്ഷ ലഭിച്ച പലർക്കും പ്ലാസ്റ്റിക് ഗ്ലാസ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നു പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല.
ഇതു സംബന്ധിച്ചു പഞ്ചായത്തോ ജനപ്രതിനിധികളോ ബോധവൽക്കരണം നടത്തിയില്ലെന്നും പിഴയ്ക്കു വിധേയായവർ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. മാന്നാർ ടൗണിലെ ഒരു സൂപ്പർമാർക്കറ്റിൽ പരിശോധിക്കാനെത്തിയ സംഘത്തെ വ്യാപാരികൾ തടഞ്ഞതിനെ തുടർന്ന് എൽഎസ്ജിഡി സംഘം പിൻവാങ്ങി. മർച്ചന്റസ് അസോസിയേഷൻ മാന്നാർ യൂണിറ്റ് ജനറൽ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ റഷീദ് പടിപ്പുരക്കലിന്റെയും യൂത്ത് വിങ് ജില്ലാ ട്രഷറർ അജ്മൽ ഷാജഹാന്റെയും നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്.
സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൽഎസ്ജിഡി സംഘം മാന്നാറിൽ ഇരട്ടത്താപ്പാണ് കാട്ടിയതെന്നും വ്യാപാരികളെ ബോധപൂർവം ദ്രോഹിക്കുന്ന നടപടിയാണ് അരങ്ങേറിയതെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം ആരോപിച്ചു.