നൂറനാട് സാനറ്റോറിയം: ഡോക്ടർമാരുടെ സ്ഥിരം നിയമനം നടത്തണമെന്ന് ആവശ്യം ശക്തം

Mail This Article
ചാരുംമൂട്∙ പനിബാധിതരുടെ എണ്ണം കൂടിയതോടെ നൂറനാട് സാനറ്റോറിയം ഒപി വിഭാഗത്തിൽ ഡോക്ടർമാരുടെ സ്ഥിരം നിയമനം നടത്തണമെന്ന് ആവശ്യം ശക്തമായി. ഓരോ തവണയും സാനറ്റോറിയത്തിലെ ആശുപത്രി വികസനസമിതി യോഗങ്ങൾ ചേരുമ്പോൾ ഈ ആവശ്യം അംഗങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും ഇതിന് വ്യക്തമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ വികസനസമിതി യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ച പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണുമെന്നും ഡോക്ടർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്നും അന്നത്തെ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണതേജ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ഫലത്തിൽ പ്രാബല്യത്തിൽ വരുത്താൻ കഴിഞ്ഞിരുന്നില്ല.
ഉച്ചയ്ക്ക് ഒരുമണിയോടെ ഡോക്ടർമാർ മടങ്ങുന്നത് കാരണം നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലാവുന്നത്. എല്ലാ സർക്കാർ ഹോസ്പിറ്റലുകളിലും ഉച്ചകഴിഞ്ഞ് സേവനം ലഭിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ അന്തേവാസികൾ ഉൾപ്പെടെയുള്ളവർക്ക് രോഗം മൂർച്ഛിച്ചാൽ ഡോക്ടറുടെ സേവനം ലഭിക്കുന്നത് ഫോണിലൂടെയാണ്. രാത്രി നഴ്സുമാരുടെ സേവനവും വിരളമാണ്. ആകെയുള്ളത് മിക്ക ദിവസവും രാത്രികാലങ്ങളിൽ ഒരു നഴ്സ് മാത്രമാണ്. പിന്നീട് ഇവിടെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകളായ നഴ്സുമാരുമാണ്. മഴ ശക്തിപ്പെട്ടതോടെ പല അന്തേവാസികൾക്കും പനി വർധിച്ചിരിക്കുകയാണ്. അടിയന്തരമായി ഉച്ചയ്ക്ക് ശേഷം രാത്രി എട്ട് മണിവരെയെങ്കിലും ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനം സാനറ്റോറിയത്തിൽ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.