ഇന്നു രാജ്യാന്തര വിവർത്തന ദിനം; വിവർത്തന രംഗത്ത് കയ്യൊപ്പിടാൻ പി. ശ്രീകുമാർ

Mail This Article
ചെങ്ങന്നൂർ ∙ പഠിച്ചതു കൊമേഴ്സ്, ജോലി ചെയ്തതു ബാങ്കിൽ, എഴുതുന്നതു വിവർത്തന സാഹിത്യം. ചെങ്ങന്നൂരിൽ വേരുകളുള്ള അടൂർ ഇടപ്പെട്ടിമുകളിൽ പുത്തൻവീട്ടിൽ പി. ശ്രീകുമാറിന്റെ (അമ്പിളി ശ്രീകുമാർ–64) ജീവിതം ഇങ്ങനെ വായിക്കാം. റാലേഗാൻ സിദ്ധി,എന്റെ ഗ്രാമത്തിന്റെ ആത്മകഥ എന്ന ഒറ്റ വിവർത്തനകൃതി കൊണ്ടു ശ്രദ്ധേയനാണു പി.ശ്രീകുമാർ. അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ അണ്ണാ ഹസാരെയുടെ ആത്മകഥയാണ് റാലേഗാൻ സിദ്ധി –എന്റെ ഗ്രാമത്തിന്റെ ആത്മകഥ. മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയ പുസ്തകം 2011ൽ പ്രസിദ്ധീകരിച്ചു. മാറ്റം ആഗ്രഹിക്കുന്ന രാഷ്ട്രീയബോധത്തിനു പുതിയ രാഷ്ട്രീയ പാഠപുസ്തകമാകട്ടെ എന്ന ചിന്തയിലാണ് വിവർത്തനം നടത്തിയതെന്നു ശ്രീകുമാർ പറയുന്നു. പുസ്തകത്തിന്റെ 2 പതിപ്പുകൾ പുറത്തിറങ്ങിയിരുന്നു.
ചെറുപ്പം മുതൽ തന്നെ പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ശീലം അച്ഛൻ റിട്ട.ജോയിന്റ് റജിസ്ട്രാർ പരേതനായ പി.പുരുഷോത്തമൻനായരിൽ നിന്നു കിട്ടിയതാണെന്ന് അദ്ദേഹം പറയുന്നു. ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറി സ്ഥാപകാംഗവും പ്രസിഡന്റുമായിരുന്നു അച്ഛൻ. എംകോമിനു ശേഷം തിരുവല്ല കാർഷിക വികസന ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീകുമാർ ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നാണു വിരമിച്ചത്. മുൻ കേന്ദ്ര വിദേശകാര്യമന്ത്രി എം.സി.ഛഗ്ലയുടെ ആത്മകഥ –റോസസ് ഇൻ ഡിസംബർ, ശ്രീരാമകൃഷ്ണകഥകൾ, എന്നീ വിവർത്തനകൃതികൾ പ്രസിദ്ധീകരണത്തിനു തയാറെടുക്കുന്നു. ഭാര്യ അനിതാ ശ്രീകുമാറും മക്കളായ ആദിത്യദേവ്, ആനന്ദ് സത്യനാരായണൻ, മരുമകൾ സി.വി.വീണ എന്നിവരും ശ്രീകുമാറിന്റെ പ്രവർത്തനങ്ങൾക്കു പിന്തുണയേകുന്നു.