മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം; പുതുക്കിയ എസ്റ്റിമേറ്റിന് ധനവകുപ്പിന്റെ അംഗീകാരം

Mail This Article
പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിനു ധനവകുപ്പിന്റെ അംഗീകാരം. സംസ്ഥാന കാബിനറ്റും അംഗീകരിക്കുന്നതോടെ പാലം നിർമാണം പുനരാരംഭിക്കാനാകും. നിലവിൽ പൊതുമരാമത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന നിരക്ക് ഡൽഹി ഷെഡ്യൂൾഡ് റേറ്റ് (ഡിഎസ്ആർ) ആണ്. 2018ലെ ഡിഎസ്ആറും അതിൽ 10 ശതമാനം വർധനയും നൽകാമെന്നാണു ഗവ. സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കഴിഞ്ഞ 14ന് ധാരണയായത്. 38 – 40 കോടിയോളം രൂപ അധികം വരുമെന്നാണു സൂചന.
ഇതിന്റെ പൂർണമായ കണക്ക് ആയിട്ടില്ല. ഇതു നിലവിലെ കരാറുകാരെ അറിയിച്ചെന്നും അവർ സമ്മതിച്ചെന്നുമാണു വിവരം. പുതുക്കിയ എസ്റ്റിമേറ്റിന് ധനവകുപ്പ് ഇന്നലെ അംഗീകാരം നൽകിയതായി ദലീമ ജോജോ എംഎൽഎ അറിയിച്ചു. അടുത്ത കാബിനറ്റിലും ഇൗ ഫയൽ അംഗീകരിക്കുന്നതോടെ തടസ്സങ്ങൾ നീങ്ങി നിർമാണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. 2012 ലെ ഡിഎസ്ആറിലാണ് 2016ൽ മാക്കേക്കടവ് പാലം നിർമാണം തുടങ്ങിയത്. വിവിധ തടസ്സങ്ങളാൽ രണ്ടു വർഷത്തിനിടെ നിർമാണം നിലച്ചു. തടസ്സങ്ങൾ നീക്കി പാലം നിർമാണം പുനരാരംഭിക്കാൻ യോഗ്യമായിട്ട് ഒരു വർഷം കഴിഞ്ഞു.
പുനരാരംഭിക്കാൻ നിലവിലെ കരാറുകാർ ആവശ്യപ്പെട്ട തുക കൂടുതലാണെന്നതിനാൽ പൊതുമരാമത്ത് വകുപ്പുമായി തർക്കമായിരുന്നു. വർഷങ്ങളോളം നിർമാണം നിലച്ചതിനാൽ നിർമാണ സാമഗ്രികൾക്കു വില വർധിച്ചു. തൊഴിൽ കൂലിയും വർധിച്ചതോടെ പുതുക്കിയ എസ്റ്റിമേറ്റ് ആവശ്യമായി. ഇൗ തർക്കമാണ് ഇപ്പോൾ പരിഹരിക്കപ്പെടുന്നത്. 950 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയും വരുന്നതാണ് ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം.
നിർമാണ നിരക്ക് പുതുക്കാനുള്ളശുപാർശ അടുത്ത മന്ത്രിസഭാ യോഗത്തിൽ
ആലപ്പുഴ∙ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ആലപ്പുഴ –കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേകടവ് - മാക്കേക്കടവ് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ നിർമാണ നിരക്ക് പുതുക്കാനുള്ള ശുപാർശ അടുത്ത മന്ത്രിസഭ യോഗത്തിൽ പരിഗണിക്കുമെന്നു എ.എം. ആരിഫ് എംപി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ധനകാര്യ മന്ത്രി കെ.എം.ബാലഗോപാൽ, എംഎൽഎമാരായ ദലീമ ജോജോ, സി.കെ.ആശ, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് നിരക്ക് പുതുക്കാൻ തീരുമാനം കൈ കൊണ്ടത്. മന്ത്രിസഭയുടെ അനുമതി കിട്ടിയാൽ ഉടൻ നിർമാണം പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എംപി വ്യക്തമാക്കി.