മഴ ശക്തമായതോടെ ജനം ദുരിതത്തിൽ; താഴ്ന്ന പ്രദേശങ്ങളിൽവെള്ളം കയറി
Mail This Article
മാന്നാർ ∙ മഴ ശക്തമായതോടെ ജനത്തിന്റെ ദുരിതങ്ങൾ ഏറി, ഇലഞ്ഞിമേൽ വീടിനു മുകളിലേക്കു മരം വീണു ഭാഗികമായി നാശം, വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനൂർ പഞ്ചായത്തിലെ ഇലഞ്ഞിമേൽ പെരിങ്ങിലിപ്പുറം വടക്കും മുറിയിൽ മലമേൽ കിഴക്കേതിൽ ശ്രീകുമാറിന്റെ വീടിനു മുകളിലാണ് ഇന്നലെ രാവിലെ മഴയത്തു മരം വീണത്. ഓടിട്ട മേൽക്കൂരയായതിനാൽ ഓടുകൾ മുഴുവൻ രണ്ടു മുറിക്കുള്ളിൽ പതിച്ചു.
ഒരു മുറിയിലായിരുന്ന ശ്രീകുമാറിന്റെ മാതാവ് പങ്കജാക്ഷിയമ്മ (80) ഓടി മാറിയതിനാൽ അദ്ദഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മേൽക്കൂരയിലെ തടി മാറി ഇരുമ്പു പൈപ്പിട്ടതിനാൽ അപകടത്തിന്റെ ആഘാതം കുറഞ്ഞു. രണ്ടു മുറിയുടെ മിക്ക ഓടുകളും നിലംപൊത്തി, മുറിക്കുള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, ഭിത്തിക്കും പൊട്ടലുണ്ട്.
മാന്നാർ ഹോമിയോ ആശുപത്രിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറങ്കി മാവ് കടപുഴകി റോഡിലേക്കു വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഹോമിയോ ആശുപത്രിയുടെയും, ഫിഷറീസ് ഓഫിസിന്റെ വൈദ്യുതി ബന്ധം ഏറെ നേരം തടസ്സപ്പെട്ടു. കെഎസ്ഇബി അധികൃതരെത്തി മരച്ചില്ലകൾ വെട്ടിമാറ്റിയ ശേഷം വൈദ്യുതി പുനസ്ഥാപിക്കുകയും ഗതാഗത തടസവും നീക്കി. ജലാശയങ്ങളിലെ ജലനിരപ്പും ഗണ്യമായി ഉയർന്നിട്ടുണ്ട്. താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീതിയില്ലാത്തത് ആശ്വാസകരമാണ്.
താഴ്ന്ന പ്രദേശങ്ങളിൽവെള്ളം കയറി
ചാരുംമൂട്∙ ചാരുംമൂട് മേഖലയിലെ പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങളിൽ ശക്തമായ മഴകാരണം വെള്ളം കയറി തുടങ്ങി. താമരക്കുളം, നൂറനനാട്, പാലമേൽ പഞ്ചായത്തുകളിൽ പച്ചക്കറി, കാർഷിക വിളകൾക്കും നഷ്ടങ്ങളുണ്ടായി. ഏത്തവാഴകളും പലയിടത്തും പിഴുതുവീണു. മഴയുടെ ശക്തി കൂടുതലായി നിന്നാൽ വ്യാപരമായ രീതിയിൽ പച്ചക്കറികൾക്കും കരകൃഷികൾക്കും നഷ്ടമുണ്ടാകും, പാടശേഖരങ്ങളോട് ചേർന്ന ചിറകളിൽ കൃഷിചെയ്യുന്ന പച്ചക്കറികൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
തോടുകളിലെ വെള്ളത്തിന്റെ അളവ് വർധിക്കുകയും ഇത് കൃഷി സ്ഥലങ്ങളിലേക്ക് കയറുകയും ചെയ്തു. പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ ഗ്രാമീണ റോഡുകളും വെള്ളക്കെട്ടുകളായിട്ടുണ്ട്. യഥാസമയം ടാറിങ് പൂർത്തിയാകാത്ത റോഡുകളാണ് കൂടുതലും വെള്ളക്കെട്ടിലായത്. നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇറക്കിയിട്ടിരിക്കുന്ന സാധനസാമഗ്രികൾ പോലും വെള്ളത്തിലായിരിക്കുകയാണ്.