ADVERTISEMENT

മാവേലിക്കര ∙ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദർശത്തെ മുറുകെ പിടിച്ചു പ്രവർത്തിച്ച മാവേലിക്കരയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുഖമായി 25 വർഷം ബ്ലോക്ക് പ്രസിഡന്റായി പ്രവർത്തിച്ച കല്ലുമല രാജൻ ഓർമയായി. കോട്ടയ്ക്കകം കൃഷ്ണവിലാസത്തിൽ അച്യുതൻപിള്ളയുടെയും കെ.സുമതിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച കല്ലുമല മാവേലിക്കര ഗവ.ബോയ്സ് സ്കൂളിൽ വിദ്യാർഥിയായി എത്തിയാണു കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.

നാട്ടുകാരും സഹപ്രവർത്തകരും കല്ലുമല എന്നാണു വിളിച്ചിരുന്നത്. നിശ്ചയദാർഢ്യത്തിന്റെയും തന്റേടത്തിന്റെയും പ്രതീകം, ഒപ്പമുള്ളവർ ഭക്ഷണം കഴിച്ചെന്നു ഉറപ്പാക്കിയ ശേഷം മാത്രം ആഹാരം കഴിച്ചിരുന്ന രാഷ്ട്രീയക്കാരൻ, നിലപാടിൽ ഉറച്ചു നിന്നു പാവങ്ങൾക്കായി പോരാടിയ ജനപ്രതിനിധി കല്ലുമലയെക്കുറിച്ചു വിശേഷണങ്ങളേറെയുണ്ട്. മേഖലയിൽ ഐഎൻടിയുസി സജീവമായിരുന്നപ്പോൾ സെക്രട്ടറിയായി പ്രവർത്തിച്ച കല്ലുമല രാജൻ ബിഷപ് മൂർ കോളജിൽ മോഹനക്കുറുപ്പ് സമരം നടക്കുമ്പോൾ മാവേലിക്കര നിന്നു കല്ലുമലയിലേക്കു പോയിരുന്ന പ്രവർത്തകർക്കൊപ്പം മുന്നിൽ നിന്നു നയിച്ചു.

ഒരു കണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടമായതു ചിലർ പതിയിരുന്ന നടത്തിയ ആക്രമണത്തിലാണ്. സ്വന്തം വിവാഹത്തിനു മതപരമായ ചടങ്ങുകൾ ഒഴിവാക്കി. വീട്ടിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ.കുര്യനാണ് മാല എടുത്തു നൽകിയത്. കല്ലുമലയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനം നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായകമായി. 1988 മുതൽ 2000 വരെ മാവേലിക്കര നഗരസഭ കൗൺസിലർ ആയിരുന്നു. 1995 മുതൽ 5 വർഷം നഗരസഭ ഉപാധ്യക്ഷനായി.

1991 മുതൽ 2016 വരെ മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ ആയിരുന്നു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി, കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, ബിഎസ്എൻഎൽ ഉപദേശക സമിതിയംഗം, ഡിആർയുസിസി അംഗം, മാവേലിക്കര ജില്ലാ ആശുപത്രി മാനേജിങ് കമ്മിറ്റി അംഗം. എ.ആർ.സ്മാരക ഭരണസമിതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

വിലാപയാത്ര‌ ഇന്ന്

അന്തരിച്ച ഡിസിസി വൈസ് പ്രസിഡന്റ് കല്ലുമല രാജന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇന്ന് 9നു ഇടപ്പോണിലെ സ്വകാര്യ ആശുപത്രി വളപ്പിൽ നിന്നാരംഭിക്കും. 10നു കോൺഗ്രസ് ഭവനിലും 11.30നു നഗരസഭ അങ്കണത്തിലും പൊതുദർശനം. 12നു മൃതദേഹം വസതിയിൽ എത്തിക്കും. സംസ്കാരം 3നു വീട്ടുവളപ്പിൽ നടക്കും.

കോൺഗ്രസ് അനുശോചന യോഗം

ഡിസിസി വൈസ് പ്രസിഡന്റ് കല്ലുമല രാജന്റെ നിര്യാണത്തെ തുടർന്നു കോൺഗ്രസ് ഭവനിൽ ചേർന്ന അടിയന്തിര ബ്ലോക്ക് കമ്മിറ്റി അനുശോചന യോഗം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് അധ്യക്ഷത വഹിച്ചു ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, കോശി എം.കോശി, കെ.ആർ.മുരളീധരൻ, കുഞ്ഞുമോൾ രാജു, നൈനാൻ സി.കുറ്റിശേരി, കെ.എൽ.മോഹൻലാൽ, എം.ആർ.രാമചന്ദ്രൻ, എം.കെ.സുധീർ, കെ.ഗോപൻ, കെ.വി.ശ്രീകുമാർ, കൃഷ്ണകുമാരി, അനിത വിജയൻ, മാത്യു കണ്ടത്തിൽ, അജിത് കണ്ടിയൂർ, പഞ്ചവടി വേണു, കെ.സി.ഫിലിപ്, രമേശ് ഉപ്പാൻസ്, ഡി.മോഹൻദാസ്, സജീവ് പ്രായിക്കര, അജയൻ തൈപ്പറമ്പിൽ, മനസ് രാജൻ, ശാന്തി അജയൻ, ജസ്റ്റിസൺ പാട്രിക്, രമേശ് കുമാർ എന്നിവർ പ്രസംഗിച്ചു.

അനുശോചനം

ഡിസിസി വൈസ് പ്രസിഡന്റ് കല്ലുമല രാജന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, കെ.സി. വേണുഗോപാൽ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി,  പ്രഫ.പി.ജെ.കുര്യൻ, എം.മുരളി, ജോൺസൺ ഏബ്രഹാം, മാന്നാർ അബ്ദുൽ ലത്തീഫ്, എം.എസ്.അരുൺകുമാർ എംഎൽഎ, പി.എൻ.പ്രമോദ് നാരയണൻ എംഎൽഎ, നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ തുടങ്ങിയവർ അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT