മഴ: ചോർച്ചയിൽ തൈക്കാട്ടുശേരി സാമൂഹികാരോഗ്യ കേന്ദ്രം
Mail This Article
പൂച്ചാക്കൽ∙ മഴ ശക്തമായതോടെ തൈക്കാട്ടുശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടങ്ങളിൽ ചോർച്ച. രോഗികളും കൂട്ടിരിപ്പുകാരും കുട പിടിച്ച് ഇരിക്കേണ്ട അവസ്ഥയിലായി. ആശുപത്രിയിലെ ഒപി, ഫാർമസി, കുട്ടികളുടെ വാക്സിൻ മുറി തുടങ്ങിയവ അടങ്ങുന്ന കെട്ടിടത്തിലാണു ചോർച്ചയുള്ളത്. രണ്ടു വർഷം മുൻപു സീലിങ് ഉൾപ്പെടെ നടത്തി കെട്ടിടം നവീകരിച്ചതാണ്. സീലിങ്ങിന്റെ വിടവുകളിലൂടെയാണു ചോർച്ച. നിലത്തു ടൈലുകളിലും വെള്ളം വീഴുന്നതോടെ തെന്നി വീഴൽ അടക്കം ഭീഷണിയുണ്ട്.
ഇരിപ്പിടങ്ങളിലും വെള്ളം വീഴുന്നുണ്ട്. കിടത്തിച്ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന രണ്ടു പഴയ കെട്ടിടങ്ങൾ ചോർച്ച ഉൾപ്പെടെ പ്രശ്നങ്ങൾ മൂലം ഉപയോഗ യോഗ്യമല്ലാത്തതിനാൽ തുറക്കുന്നില്ല. കിടത്തിച്ചികിത്സ ഒഴിവാക്കി അത്യാവശ്യക്കാരെ പകൽ മാത്രം നഴ്സിങ് സ്റ്റേഷനിൽ നിരീക്ഷണത്തിലാക്കുന്നുണ്ട്. പലപ്പോഴും സായാഹ്ന ഒപി ഉണ്ടാകാറില്ലെന്നും ടോക്കൺ അനൗൺസെന്റ് സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കാൻ 5 കോടി രൂപ നാഷനൽ ഹെൽത്ത് മിഷൻ അനുവദിച്ചെങ്കിലും അതിന്റെ നടപടികൾ ഒന്നുമായിട്ടില്ല.
അരൂർ–തുറവൂർ ഭാഗത്ത് വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്
തുറവൂർ∙ കനത്തമഴയെ തുടർന്നു ദേശീയപാതയിൽ അരൂർ – തുറവൂർ ഉയരപ്പാത നിർമാണ സ്ഥലങ്ങളിൽ വെള്ളക്കെട്ടു ശക്തമായി. ഇരുമ്പുവേലി കഴിഞ്ഞുള്ള റോഡിന്റെ ഇരുവശങ്ങളിലും പെയ്ത്തുവെള്ളം കെട്ടിക്കിടക്കുന്നതു കാരണം വാഹനയാത്രയും ദുരിതമായി. തുറവൂരിൽ നിന്ന് അരൂരിലെത്താൻ 20 മിനിറ്റ് വേണ്ട സ്ഥാനത്ത് ഗതാഗതക്കുരുക്കും വെള്ളക്കെട്ടും കാരണം ഒരു മണിക്കൂറിലേറെ സമയമെടുക്കും.
ദേശീയപാതയിൽ കുരുക്കു നീണ്ടതോടെ വാഹനങ്ങൾ ചെറുറോഡുകളിലൂടെ തിരിഞ്ഞു പോയതോടെ അവിടെയും ഗതാഗതക്കുരുക്കായി. ആകാശപ്പാതയുടെ തൂണുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങളിലെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതു മോട്ടർ ഉപയോഗിച്ചു പമ്പ് ചെയ്യുമ്പോഴും വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്.
വെള്ളക്കെട്ട് രൂക്ഷം
പൂച്ചാക്കൽ∙ ശക്തമായ മഴയെ തുടർന്നു ചേർത്തല – അരൂക്കുറ്റി റോഡ് ഉൾപ്പെടെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്നതിനു പ്രധാന റോഡരികുകളിൽ പോലും ഓടകൾ ഇല്ലാത്തതാണു കാരണം. റോഡ് ഉയർത്തി ഓടകൾ നിർമിക്കുന്നതിനു വൈകാതെ നടപടികൾ ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
അടുത്തിടെ പെയ്ത മഴയെ തുടർന്നു കുഴികളും ചെളിക്കുണ്ടുമെല്ലാം യാത്രികരെ ബുദ്ധിമുട്ടിലാക്കി. ഇടറോഡുകളിൽ മുട്ടൊപ്പം വെള്ളമായി. അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം പഞ്ചായത്തുകളിലെ തീരമേഖലകളിലെ വീടുകളിലും വെള്ളം കയറി. ഇവിടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ വലയുന്നുണ്ട്.
വീടുകളിലെ കൃഷികൾക്കും നാശം സംഭവിക്കുമെന്ന ആശങ്കയുമുണ്ട്. വേമ്പനാട്, കൈതപ്പുഴ കായൽ, പൂച്ചാക്കൽ തോട്, പാണാവള്ളി കണ്ണൻകുളം, പൂച്ചാക്കൽ കന്നുകുളം എന്നിങ്ങനെ പൊതു ജലാശയങ്ങളും നിറഞ്ഞു. ചിലയിടങ്ങളിൽ തോട്ടിൽ നിന്നുൾപ്പെടെ മത്സ്യങ്ങളെ കരയ്ക്കു ലഭിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും മാർക്കറ്റുകളിലും വെള്ളക്കെട്ടായി. വെള്ളക്കെട്ട് മൂലമുണ്ടാകുന്ന പനി, ചർമ രോഗങ്ങൾ തുടങ്ങിയവയുടെ ആശങ്കകളും ഉയരുന്നുണ്ട്.