റിട്ട. അധ്യാപിക പൊന്നമ്മ മാത്യുവിന് പ്രായം വെറും അക്കം; തൊണ്ണൂറാം വയസിലും പുസ്തക രചനയിൽ തന്നെ

Mail This Article
വള്ളികുന്നം ∙ തന്റെ പ്രാർഥന യജ്ഞത്തിനിടയിൽ തൊണ്ണൂറാം വയസിലും പുസ്തക രചനയിൽ മുഴുകുകയാണ് റിട്ട. അധ്യാപിക പെരുങ്ങാല വളഞ്ഞനടക്കാവ് കടവിൽ പുത്തൻപുരയിൽ പൊന്നമ്മ മാത്യു. അര നൂറ്റാണ്ട് കാലമായി ഒരു തപസ്യ പോലെ ചെയ്യുന്ന പ്രാർഥനയ്ക്ക് ഒടുവിലാണ് ഇപ്പോൾ പൊന്നമ്മ മാത്യു ആധ്യാത്മിക പുസ്തക രചനയിലേക്ക് കടന്നത്. 2019ൽ കോവിഡ് മൂലം പ്രാർഥനകൾക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് പുസ്തക രചനയിലേക്ക് കടന്നത്.
ഇപ്പോൾ രചിച്ച മൂന്ന് പുസ്കങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. അവസാനം രചിച്ച തിരുവചന പൊൻപ്രഭയുടെ പ്രകാശനം കഴിഞ്ഞ 27ന് കുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലിത്ത നിർവഹിച്ചു. 1989ൽ കൊയ്പ്പള്ളി കാരാഴ്മ ഹൈസ്കൂളിൽ നിന്നും വിരമിച്ച പൊന്നമ്മ മാത്യു തുടർന്ന് ആധ്യാത്മിക വചന പ്രഘോഷണങ്ങളുടെ അമരക്കാരിയായി മാറുകയായിരുന്നു. 2004ൽ സംഭവിച്ച സ്ട്രോക്കിന് ശേഷം ആരോഗ്യപരമായ പരിമിതിക്കിടയിലും പൊന്നമ്മ തന്റെ കർത്തവ്യം തുടർന്ന് വരുന്നതിന് ഇടയിലാണ് പുസ്തക രചനയിലേക്ക് കടന്നത്.
ഇതിനോടകം നിരവധി പുരസ്കാരങ്ങൾ പൊന്നമ്മയെ തേടി എത്തി. കായംകുളം കാദിശ പള്ളിയിലെ മർത്ത മറിയം സമാജം ജനറൽ സെക്രട്ടറി, സുവിശേഷ സംഘം സെക്രട്ടറി, ബാലിക സമാജം ജില്ല ഓർഗനൈസർ മർത്ത മറിയം സമാജം പ്രാർഥന വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.പരേതനായ വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സീനിയർ സൂപ്രണ്ട് കെ.കെ.മാത്യുവാണ് പൊന്നമ്മയ്ക്ക് പ്രചോദനമായി പിന്നിൽ നിന്ന ചാലക ശക്തി. മറ്റം സെന്റ് ജോൺസ് ഹൈസ്കൂൾ റിട്ട. അധ്യാപിക സൂസൻ മാത്യു, ആനി മാത്യു, തോമസ് മാത്യു, പ്രേം മാത്യു എന്നിവർ മക്കളാണ്.