സിബിഎൽ പിറവം വള്ളംകളി: വീയപുരവും നടുഭാഗവും സംയുക്ത ജേതാക്കൾ

Mail This Article
പിറവം∙ ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായി നടന്ന പിറവം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനും കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും പങ്കിട്ടു. ആവേശം വാനോളം ഉയർന്ന മത്സരത്തിൽ ശക്തമായ മഴയെയും പുഴയിലെ കുത്തൊഴുക്കിനെയും അവഗണിച്ചു പൊരുതി ഒരേ സമയത്തു ഫിനിഷ് ചെയ്താണ് വീയപുരവും നടുഭാഗവും വിജയം പങ്കിട്ടത്. കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽതെക്കേതിൽ മൂന്നാം സ്ഥാനം നേടി.
ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ പിറവം ബോട്ട് ക്ലബ്ബിന്റെ താണിയൻ ഒന്നാം സ്ഥാനം നേടി. ആർ കെ ടീമിന്റെ പൊഞ്ഞനത്തമ്മയ്ക്കാണു രണ്ടാം സ്ഥാനം. കടവ് ബോട്ട് ക്ലബ്ബിന്റെ വെണ്ണയ്ക്കലമ്മ മൂന്നാം സ്ഥാനം നേടി. സിബിഎൽ 4 മത്സരങ്ങൾ പൂർത്തിയായപ്പോൾ 40 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് (വീയപുരം) ആണു മുന്നിട്ടു നിൽക്കുന്നത്. 36 പോയിന്റുമായി യുബിസി (നടുഭാഗം), 28 പോയിന്റുമായി എൻസിഡിസി (നിരണം) എന്നീ ക്ലബ്ബുകൾ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 7നു കോട്ടയം താഴത്തങ്ങാടിയിലാണ് അടുത്ത മത്സരം.
ഒന്നാം സ്ഥാനം തർക്കമായി
പിറവം∙ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ഫൈനൽ മത്സരം ഫോട്ടോ ഫിനിഷിങ്ങിലേക്കു നീങ്ങിയതോടെ ഒന്നാം സ്ഥാനം സംബന്ധിച്ചു തർക്കം. മത്സരത്തിൽ തുടക്കം മുതൽ മുന്നിട്ടു നിന്നത് യുബിസിയുടെ നടുഭാഗം ചുണ്ടനായിരുന്നു. അവസാന നൂറു മീറ്ററിൽ വീയപുരം ചുണ്ടൻ അവിശ്വസനീയമാംവിധം കുതിച്ചെത്തിയതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ഫിനിഷിങ് ലൈൻ കടന്നു.
തുടർന്നാണ് വിജയിയെ സംബന്ധിച്ചു തർക്കം ഉയർന്നത്. സമ്മാനദാന വേദിയിലേക്കും തർക്കം നീണ്ടതോടെ പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി. പിന്നീടു സിബിഎൽ അധികൃതർ നടത്തിയ ചർച്ചയ്ക്കൊടുവിൽ 2 ടീമുകൾക്കും ഒന്നാം സ്ഥാനം പങ്കിടുന്നതിനു തീരുമാനിക്കുകയായിരുന്നു. നേരത്തെ മന്ത്രി പി.രാജീവ് മത്സരം ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി.