തീരമേഖല വെള്ളക്കെട്ടിൽ; എഴുപുന്നയിൽ വീട് തകർന്നു

Mail This Article
തുറവൂർ ∙ കനത്ത മഴ മൂലം മേഖലയിലെ പഞ്ചായത്തുകളിൽ വെള്ളക്കെട്ട് ശക്തമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ഒട്ടേറെ കുടുംബങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര നരിയാണ്ടി, മുതുകേൽ എന്നിവിടങ്ങളിലും, കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം, കരുമാഞ്ചേരി, വല്ലേത്തോട്, കുത്തിയതോട് പഞ്ചായത്തിലെ ചാവടി, പാലാപ്പള്ളി കോളനി, തഴുപ്പ് എന്നിവിടങ്ങളിൽഡ കനത്ത വെള്ളക്കെട്ടാണ്. തുറവൂർ പഞ്ചായത്തിലെ കായലോര പ്രദേശങ്ങളിലും തീരമേഖലകളിലും പട്ടണക്കാട് പഞ്ചായത്തിലെ തീരമേഖലയിലും വെട്ടയ്ക്കൽ, ഒറ്റമശേരി പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. മഴ തുടരുകയാണെങ്കിൽ ക്യാംപുകൾ തുറക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.
എഴുപുന്ന പഞ്ചായത്ത് 16–ാം വാർഡ് വളക്കുമാന്തറയിൽ സബീഷിന്റെ വീട് ശക്തമായ മഴയിലും കാറ്റിലും തകർന്നുവീണു. സബീഷും ഭാര്യയും രണ്ടു കുട്ടികളും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. ശബ്ദം കേട്ട് ചാടി പുറത്തിറങ്ങിയ ഉടനെ വീട് തകർന്നു വീഴുകയായിരുന്നു. അയൽവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.മത്സ്യത്തൊഴിലാളികളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം അനുവദിച്ചിട്ടുണ്ടെങ്കിലും തീരപരിപാലന നിയമക്കുരുക്കിൽ ഉൾപ്പെട്ട് കിടക്കുന്നതിനാൽ വീട് നിർമിക്കാനും കഴിയാത്ത അവസ്ഥയാണ്.