പെൺകുട്ടിയോടു സംസാരിച്ചതിന് യുവാവിനെ പൊലീസ് മർദിച്ചെന്നു പരാതി
Mail This Article
വെൺമണി ∙ പെൺകുട്ടിയോടു സംസാരിച്ചതിന്റെ പേരിൽ യുവാവിനെ പൊലീസ് മർദിച്ചെന്ന് ആക്ഷേപം. വെണ്മണി വാറോണിൽ കിഴക്കേതിൽ എ. ആകാശിനെ (18) വെൺമണി പൊലീസ് സ്റ്റേഷനിൽ മർദിച്ചെന്നാണു പരാതി. എറണാകുളത്ത് എക്സ്റേ വെൽഡിങ് വിദ്യാർഥിയാണ് ആകാശ്. 26ന് കോടുകുളഞ്ഞിയിൽ വച്ച് പരിചയക്കാരിയായ പെൺകുട്ടിയുമായി സംസാരിച്ചു മടങ്ങിയെന്നും പിന്നീട് പൊലീസുകാർ വീട്ടിലെത്തി സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടെന്നും ആകാശ് പറയുന്നു. 30ന് പിതാവിനൊപ്പം വെൺമണി പൊലീസ് സ്റ്റേഷനിൽ എത്തി. പിതാവിനെ പുറത്തു നിർത്തി തന്നെ സ്റ്റേഷന്റെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പൊലീസുകാർ മർദിക്കുകയായിരുന്നെന്ന് ആകാശ് പറയുന്നു. മുതുകിലും ചെവിയിലും പരുക്കേറ്റു.
താമല്ലാക്കലിൽ മാതൃസഹോദരിയുടെ വീട്ടിലെത്തിയ ആകാശിനെ ബന്ധുക്കൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കു പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു. എന്നാൽ പെൺകുട്ടിയെ ഫോണിൽ ശല്യം ചെയ്യുന്നുവെന്ന പരാതിയെത്തുടർന്ന് ആകാശിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെന്നും മർദിച്ചെന്ന ആരോപണം തെറ്റാണെന്നും വെൺമണി എസ്എച്ച്ഒ എ.നസീർ പറഞ്ഞു.
മൊബൈൽ ഫോൺ കൊണ്ടുവരാതിരുന്നതിനാൽ ഫോണുമായി ഇന്നലെ ഹാജരാകണമെന്നു നിർദേശിച്ചിരുന്നു. ആകാശിന് വെൺമണിയിൽ വച്ചു മർദനമേറ്റെന്നും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും ആശുപത്രിയിൽ നിന്നു പൊലീസിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.