കർഷകർ കടമെടുക്കുമ്പോഴും മുഖ്യമന്ത്രിക്ക് ധൂർത്ത്: വി.ഡി.സതീശൻ പ്രസാദിന്റെ കുടുംബത്തെ സന്ദർശിച്ചു

Mail This Article
തകഴി ∙ കർഷകർ പലിശയ്ക്കു പണമെടുത്തു കൃഷി ചെയ്യുമ്പോഴാണു മുഖ്യമന്ത്രി ഒരു കോടി രൂപയുടെ ബസിൽ ധൂർത്തടിക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. നവകേരള സദസ്സിന്റെ പേരിൽ ധൂർത്തടിക്കുന്ന പണം പാവങ്ങൾക്കു നൽകിയിരുന്നെങ്കിൽ ആത്മഹത്യകൾ ഒഴിവാക്കാമായിരുന്നു. ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി.പ്രസാദിന്റെ വീടു സന്ദർശിക്കുകയായിരുന്നു സതീശൻ.
കൃഷി മേഖലയോടുള്ള പിണറായി സർക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണു പ്രസാദ്. നെല്ലു സംഭരണത്തിന്റെ പണം നൽകാനാകാതെ 6 മാസമായി പ്രതിസന്ധിയാണ്. മന്ത്രിമാർ യോഗം കൂടുന്നെന്നും വഴക്കിട്ടു പിരിഞ്ഞെന്നുമുള്ള വാർത്തയല്ലാതെ തീരുമാനമായെന്ന വാർത്ത വരുന്നില്ല. ചിലപ്പോൾ പറയും ബാങ്കുകൾ പിണങ്ങിപ്പോയെന്ന്. നെല്ലു സംഭരണത്തിൽ സർക്കാരിന്റെ രീതി എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. പാഡി റസീറ്റ് ഷീറ്റ് വാങ്ങി ബാങ്കുകൾ പണം നൽകുന്നതു വായ്പയായാണ്.
3 മാസം തുടർച്ചയായി തിരിച്ചടയ്ക്കാതിരുന്നാൽ കിട്ടാക്കടമായി പ്രഖ്യാപിക്കുകയും വായ്പയെടുത്തയാളുടെ വായ്പ യോഗ്യത കുറയും. നെല്ലു വിറ്റു ബാങ്കിൽ നിന്നു സർക്കാർ പറയുന്നതനുസരിച്ചു പണം വാങ്ങിയാലും അതു കർഷകന്റെ ബാധ്യതയായി മാറുകയാണ്. ഇതോടെ മറ്റൊരു ബാങ്കിൽ നിന്നും ലോൺ കിട്ടാത്ത അവസ്ഥയിലാകും. ഇക്കാര്യം പലതവണ സർക്കാരിനെ അറിയിച്ചിട്ടും പരിഹരിക്കാൻ ഒരു ശ്രമവും കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാരോ സർക്കാരോ നടത്തുന്നില്ല.
ബാധ്യത കർഷകന്റെ തലയിൽ കെട്ടിവയ്ക്കില്ലെന്നു ബാങ്കുകളുമായുള്ള കരാറിൽ എഴുതി വയ്‌ക്കണം. ഇക്കാര്യം ആവശ്യപ്പെട്ടിട്ടും സർക്കാർ അതിനു തയാറല്ല. പിആർഎസ് അവസാനിപ്പിച്ച് നെല്ലു സംഭരിച്ച് 10 ദിവസത്തിനകം സർക്കാർ നേരിട്ടു പണം നൽകണം. കേന്ദ്രത്തിൽ നിന്നു കിട്ടാനുള്ള പണത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് സപ്ലൈകോ ഇതുവരെ നൽകിയിട്ടില്ല. ഇപ്പോഴും ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഓഡിറ്റ് നടത്തിയാലേ പണം ലഭിക്കൂ. ഓഡിറ്റ് റിപ്പോർട്ട് നൽകിയിട്ടും പണം ലഭിച്ചില്ലെങ്കിൽ നമുക്ക് ഒന്നിച്ചു കേന്ദ്രത്തിനെതിരെ നിൽക്കാം.
കേന്ദ്രത്തിന്റെ തലയിൽ ചാരി എല്ലാ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. 717 കോടി നൽകേണ്ട സ്ഥാനത്ത് 18 കോടി മാത്രമാണു തദ്ദേശ സ്ഥാപനങ്ങൾക്കു നൽകിയത്. ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടും മൂന്നും ഗഡുക്കൾ കൊടുക്കാനാകുന്നില്ല. ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണു കേരളമെന്നും സതീശൻ പറഞ്ഞു. മത്സ്യബന്ധനത്തിനിടെ വാടയ്ക്കൽ കടലിൽ വച്ച് മരിച്ച സൈറസിന്റെ വീടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു.