‘വെല്ലുവിളികൾ’ തോറ്റു; നയിക്കാൻ അജിമോൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

Mail This Article
പട്ടോളി മാർക്കറ്റ് (കണ്ടല്ലൂർ) ∙ ശാരീരിക വെല്ലുവിളികളെ തെല്ലും കൂസാതെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ അജിമോൻ (32) യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് കാലുകൾക്കും കൈകൾക്കും പരിമിതിയുള്ള കണ്ടല്ലൂർ വടക്ക് പട്ടോളി മാർക്കറ്റ് കടുവങ്കൽ കിഴക്കതിൽ അജി ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പാർട്ടി പരിപാടികളിൽ നിറസാന്നിധ്യമാണ്. വേദികളിലേക്ക് തന്റെ മുച്ചക്ര സ്കൂട്ടർ ഓടിച്ചാണ് അജി എത്താറുള്ളത്.
മികച്ച സംഘാടകനും പ്രാസംഗികനുമായ അജിമോൻ മികച്ച അനൗൺസറുമാണ്. പ്രതിഷേധ ജാഥകളിൽ കുറിക്കു കൊള്ളുന്ന മുദ്രാവാക്യം വിളികളുമായും മുന്നിലുണ്ടാകും. 2008ൽ യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റായി പാർട്ടിയിൽ സജീവമായ അജി യൂത്ത് കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം സെക്രട്ടറി, ജില്ലാ നിർവാഹക സമിതി അംഗം, ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. വരുമാനത്തിനായി ഗ്രാഫിക് ഡിസൈനിങ് ജോലിയും ചെയ്യുന്നുണ്ട്.