ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ: തലയ്ക്കു മീതെ ശൂന്യാകാശം...

Mail This Article
ഹരിപ്പാട്∙ ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ മേൽക്കൂര പൂർണമായി പൊളിച്ചു മാറ്റിയത് യാത്രക്കാർക്ക് ദുരിതമാകുന്നു. നവീകരണത്തിന്റെ ഭാഗമായി രണ്ടാഴ്ച മുൻപാണ് മേൽക്കൂരയിലെ ഷീറ്റുകൾ മാറ്റിയത്. എന്നാൽ പിന്നീട് ഇതുവരെ മേൽക്കൂരയുടെ പണികൾ ആരംഭിച്ചിട്ടില്ല. മേൽക്കൂരയ്ക്ക് ഷീറ്റ് ഇല്ലാതായതോടെ മഴയും വെയിലുമേറ്റ് യാത്രക്കാർ ട്രെയിൻ കാത്തു നിൽക്കേണ്ട ഗതികേടിലാണ്. തീരദേശ പാതയിലെ തിരക്കുള്ള സ്റ്റേഷനായ ഹരിപ്പാട്ട് ദിവസേന നൂറു കണക്കിന് യാത്രക്കാരാണ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ എത്തുന്നത്.
മഴ പെയ്താൽ നനഞ്ഞു കുളിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രികർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നത്. ദീപാവലി ആഘോഷിക്കാൻ നാട്ടിൽ പോയ നിർമാണ തൊഴിലാളികൾ തിരികെ എത്താത്തതാണ് പണികൾ വൈകാൻ കാരണമായി പറയുന്നത്. സ്റ്റേഷൻ പ്ലാറ്റ്ഫോം കാടു കയറിയ അവസ്ഥയിലാണ്. തെരുവുനായകളുടെ വിഹാരകേന്ദ്രമാണ് റെയിൽവേ സ്റ്റേഷൻ പരിസരം. സ്റ്റേഷനിൽ പുതിയതായി പണികഴിപ്പിച്ച ശുചിമുറി സമുച്ചയം ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. സ്റ്റേഷനിലേക്കുള്ള റോഡുകളും തകർന്ന അവസ്ഥയിലാണ്.