ചാൾസ് രാജാവിന്റെ ജന്മദിനസൽക്കാരത്തിൽ പങ്കെടുത്ത് ചെങ്ങന്നൂർ സ്വദേശിനി ആശ മാത്യു

Mail This Article
ചെങ്ങന്നൂർ ∙ യുകെയിലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനു ഹസ്തദാനം ചെയ്യാനും ജന്മദിനസൽക്കാരത്തിൽ പങ്കെടുക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ചെങ്ങന്നൂർ കല്ലുഴത്തിൽ ആശ മാത്യു. യുകെയിൽ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാർക്കായി ചാൾസ് രാജാവ് ഒരുക്കിയ വിരുന്ന് സൽക്കാരത്തിലാണു അവിടെ നഴ്‌സായ ആശ പങ്കെടുത്തത്. ചെങ്ങന്നൂർ കല്ലുഴത്തിൽ കെ.ജി.മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകളായ ആശ 20 വർഷമായി യുകെയിലാണ്.
ബക്കിങ്ഹാംഷയർ ട്രസ്റ്റ് കാൻസർ കെയറിന്റെ ഹെമറ്റോളജി വിഭാഗത്തിലെ സർവീസ് ലീഡ് ആൻഡ് അഡ്വാൻസ്ഡ് നഴ്‌സ് പ്രാക്ടീഷണറാണ് ആശ. ഈ ട്രസ്റ്റിലെ വിദേശ റിക്രൂട്ട്മെന്റിൽ സജീവസാന്നിധ്യമായ ആശ, പുതുതായി വരുന്ന ഇന്ത്യൻ നഴ്സുമാരുടെ മെന്റർ കൂടിയാണ്. ചാൾസ് രാജാവിനെ കാണാനും സംസാരിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നെന്ന് ആശ പറഞ്ഞു. കേരളത്തിൽ നിന്നാണെന്ന് സൂചിപ്പിച്ചപ്പോൾ ഒരു ജന്മദിനത്തിൽ താൻ കേരളത്തിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞതായി ആശ ഓർക്കുന്നു. സേവന മികവിനുള്ള അംഗീകാരമായി ആശയ്ക്ക് നേരത്തെ ചീഫ് നഴ്സിങ് ഓഫിസർ (സിഎൻഒ) ഓഫ് ഇംഗ്ലണ്ട് സിൽവർ അവാർഡ് ലഭിച്ചിരുന്നു. കാൻസർ രോഗികൾക്കും ഇന്ത്യയിൽ നിന്നെത്തുന്ന നഴ്സുമാർക്കും നൽകുന്ന സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് ആശയെത്തേടി വിരുന്ന് സൽക്കാരത്തിനുള്ള ക്ഷണമെത്തിയത്.
ഭർത്താവ് ജോൺ നൈനാനും മകൻ കെവിനുമൊപ്പം ഇംഗ്ലണ്ടിൽ ഹൈവിക്കമിലാണ് ആശ താമസിക്കുന്നത്. എട്ടാം വയസ്സിൽ കാൻസർ ബാധിച്ച് മരിച്ച രണ്ടാമത്തെ മകൻ റയാന്റെ ഓർമയ്ക്കായി കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ആശ , റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി എന്ന സന്നദ്ധ സംഘടനയ്ക്ക് നേതൃത്വം നൽകുന്നുണ്ട്. തിരുവനന്തപുരം ആർസിസിയിലെ ഉൾപ്പെടെ ഇന്ത്യയിലെയും യുകെയിലെയും കാൻസർ ബാധിതരായ കുട്ടികൾക്ക് സഹായം എത്തിക്കാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചെങ്ങന്നൂരുകാരിയാണെങ്കിലും ഇപ്പോൾ തിരുമൂലപുരത്താണ് ആശയുടെ വീട്.