ADVERTISEMENT

എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ പൊങ്കാലയുടെ ഒരുക്കങ്ങൾ  തുടങ്ങി. ഇതിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുള്ള അവലോകനയോഗം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മുഖ്യ കാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. തിരുവല്ല ആർഡിഒ സഫ്ന നസ്‌റുദീന്റെ സാന്നിധ്യത്തിലാണ് ചർച്ചകൾ നടന്നത്. 27 നാണ് പൊങ്കാല. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ട  കാര്യങ്ങൾ ചർച്ച ചെയ്തു. പൊലീസ്, കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി, ആരോഗ്യ വകുപ്പ്, റവന്യു, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ പങ്കെടുത്തു.

തകഴി മുതൽ,തിരുവല്ല–ചെങ്ങന്നൂർ വരെയും പൊടിയാടി – മാവേലിക്കര.നീരേറ്റുപുറം കിടങ്ങറ റൂട്ടുകളിലും പൊങ്കാലയിടാൻ എത്തുന്നവർക്കായി വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി അധികൃതർ പറഞ്ഞു. ഭക്തർക്ക് യഥേഷ്ടം ശുദ്ധജലമെത്തിക്കാൻ വാട്ടർ അതോറിറ്റിയുടെ പൊതു ടാപ്പുകൾക്കു പുറമേ നാനൂറോളം കേന്ദ്രങ്ങളിൽ പ്രത്യേക ടാങ്കുകളിൽ വെള്ളം എത്തിക്കും.150 ൽ പരം സ്ഥലങ്ങളിൽ താൽക്കാലിക ഇ–ശുചിമുറി സ്ഥാപിക്കും. പൊങ്കാല നിരക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ തടസ്സം കൂടാതെ വെളിച്ചം എത്തിക്കും.

ക്ഷേത്ര സങ്കേതത്തിൽ ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണം,ഇതര സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സൗജന്യ ഭക്ഷണപ്പൊതികൾ, കഞ്ഞി വിതരണം എന്നിവ ഉണ്ടാവും. പൊങ്കാല നിവേദിക്കാൻ  650 ൽ പരം വൈദിക ശ്രേഷ്ഠരുടെ നേതൃത്വത്തിൽ 51 ജീവതകളിൽ പൊങ്കാല നേദ്യം നടക്കും. രണ്ടായിരത്തോളം വൊളന്റിയർമാരുടെ സേവനം ലഭ്യമാക്കുന്നതിനും നടപടിയായതായി കാര്യദർശി പറഞ്ഞു.

തിരുവല്ല,എടത്വ, ഹരിപ്പാട്,കോട്ടയം,ചെങ്ങന്നൂർ,തിരുവനന്തപുരം,ആലപ്പുഴ തുടങ്ങിയ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും 26 മുതൽ പ്രത്യേക സർവീസുകൾ നടത്തുമെന്ന്  അറിയിപ്പ് ലഭിച്ചതായി എടത്വ സ്റ്റേഷൻ ഇൻസ്പെക്ടർ ബി.രമേശ് കുമാർ പറഞ്ഞു. പൊങ്കാലയ്ക്കു മുൻപ് റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ നിർദേശം നൽകിയതായി പൊതുമരാമത്തു വകുപ്പ് അധികൃതർ പറഞ്ഞു.  ശുദ്ധജലം ലഭിക്കാൻ നിലവിലെ ടാപ്പുകളിൽ അഡീഷനൽ ടാപ്പുകൾ ഘടിപ്പിക്കും.തിരുവല്ല, തകഴി,കറ്റോട്ടു എന്നിവിടങ്ങളിൽ നിന്നും ആവശ്യത്തിന് വെള്ളം ലഭ്യമാക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.

ശുചിത്വ മിഷനു മായി സഹകരിച്ച് തലവടി പിഎച്ച്സി ക്ഷേത്രാങ്കണം, തലവടി വെള്ളക്കിണർ എന്നിവിടങ്ങളിൽ താൽക്കാലിക കൗണ്ടറുകൾ സ്ഥാപിക്കുമെന്ന് എടത്വ മെഡിക്കൽ ഓഫിസർ ഡോ.സിനി അറിയിച്ചു.എടത്വ,തിരുവല്ല, മാന്നാർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വനിത പൊലീസിന്റെ ഉൾപ്പെടെ  അഞ്ഞൂറിലേറെ പൊലീസ് സേനാംഗങ്ങളുടെ  സേവനം ലഭ്യമാക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. അഗ്നിരക്ഷാസേനയുടെ സേവനം വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്നും പറഞ്ഞു.

കുട്ടനാട്, തിരുവല്ല തഹസിൽദാർമാരായ എസ്. അൻവർ, സുനിൽ, കുട്ടനാട് ഡപ്യൂട്ടി തഹസിൽദാർ വി.എസ്.സൂരജ്, തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജോസ് പഴയിടം, തലവടി, നെടുമ്പ്രം, നിരണം പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി. നായർ, ടി.പ്രസന്നകുമാരി, എം.ജി.രവി, എടത്വ, പുളിക്കീഴ് സിഐ മാരായ കെ.ബി. ആനന്ദ ബാബു, സതീഷ് കുമാർ, തലവടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കൊച്ചുമോൾ ഉത്തമൻ, ജോജി ജെ. വൈലപ്പിള്ളി, സുജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്ത് അംഗങ്ങളായ എൽസി പ്രകാശ്, കലാ മധു, തലവടി മെഡിക്കൽ ഓഫിസർ ഡോ. കെ.എം.ഗണേഷ്, ഉത്സവക്കമ്മിറ്റി പ്രസിഡന്റ് എം.പി രാജീവ്, സെക്രട്ടറി പി.കെ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT