അക്കൗണ്ടിൽ പണമുണ്ട്, പക്ഷേ എടുക്കാൻ പറ്റുന്നില്ല; അപകടത്തിൽപെട്ട യുവാവിന്റെ ചികിത്സ മുടങ്ങുന്നു

Mail This Article
ചേർത്തല ∙ വാഹനാപകടത്തിൽ പരുക്കേറ്റ പ്രണവ് അനങ്ങാൻ പോലും കഴിയാതെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ചികിത്സയ്ക്ക് പണം ധാരാളം ആവശ്യമുണ്ട്, ബാങ്കിൽ കുറച്ചു പണവുമുണ്ട്. ബാങ്കിലെ പണം പ്രണവിന്റെ കയ്യിൽ എത്തിക്കാൻ എന്താണു മാർഗം? അപകടത്തിൽപെട്ട മകന്റെ ചികിത്സാ ചെലവിനു മാർഗമില്ലാതെ നിസ്സഹായാവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സങ്കട കഥയാണ്. വഴി കണ്ടുപിടിക്കേണ്ടത് ബാങ്ക് അധികൃതരും. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 6–ാംവാർഡ് കൂവക്കാട്ട്ചിറ പ്രകാശന്റെയും ബിന്ദുവിന്റെയും മകൻ പ്രണവ് (24) ആണ് വാഹനാപകടത്തെത്തുടർന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒറ്റപ്പുന്നയിലെ ബാങ്കിലെ പ്രണവിന്റെ അക്കൗണ്ടിൽ 61,000 രൂപ എത്തി. പണം പിൻവലിക്കാനുള്ള മാർഗങ്ങളിലൊന്നായ എടിഎം കാർഡ് നേരത്തെതന്നെ ഒടിഞ്ഞ് ഉപയോഗശൂന്യമായിരുന്നു. ചെക്ക് ബുക്കും ഇല്ല. ഉണ്ടെങ്കിൽത്തന്നെ അതിൽ ഒപ്പിടാൻകഴിയാത്ത അവസ്ഥയിലാണ് പ്രണവ്. പണം പിൻവലിക്കാനുള്ള മാർഗങ്ങൾ തേടി പ്രണവിന്റെ അച്ഛൻ പ്രകാശൻ പലവട്ടം ബാങ്കിൽ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രണവ് നേരിട്ടെത്തി പണം പിൻവലിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പ്രണവിന്റെ അക്കൗണ്ടിലെ പണം മറ്റൊരാൾക്ക് നൽകാനാവില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നിയമപരമായ നിർദേശങ്ങൾ ലഭിച്ചാലേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നു ബാങ്ക് അധികൃതർ വ്യക്തമാക്കി.
സാമ്പത്തികമായി തകർന്ന കുടുംബം ഒരുനേരത്തെ മരുന്നുവാങ്ങാൻ പോലും കഴിയാതെ പ്രയാസപ്പെടുമ്പോഴാണ് ഉള്ള പണം പോലും കയ്യിൽകിട്ടാത്ത അവസ്ഥ. മേയ് 7ന് സുഹൃത്തുക്കൾക്കൊപ്പം പ്രണവ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കളും അപകടത്തിൽ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രണവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 ലക്ഷത്തിലധികം രൂപ മുടക്കി തലയിൽ മൂന്ന് ശസ്ത്രക്രിയ നടത്തി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിലേക്ക് മടങ്ങിയെങ്കിലും ബുദ്ധിമുട്ടുകൾ മാറാതായതോടെ രണ്ടാഴ്ച മുൻപ് വീണ്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.