കായംകുളത്ത് ആവേശത്തുഴയെറിഞ്ഞ് ചുണ്ടൻവള്ളങ്ങൾ
Mail This Article
കായംകുളം∙ കാർമേഘങ്ങൾ ഒഴിഞ്ഞു സൂര്യൻ വെള്ളിവെളിച്ചം വിതറിയ അന്തരീക്ഷത്തിൽ കായംകുളം കായലിൽ നടന്ന ചാംപ്യൻസ് ബോട്ട് ലീഗ് മത്സരം ആവേശത്തിന്റെ കൊടുമുടി കയറി. കായലോളങ്ങളെ കീറിമുറിച്ചു മുന്നേറിയ ചുണ്ടൻവള്ളങ്ങളുടെ തുഴയെറിച്ചിൽ കാണികളിൽ ആവേശവും കരഘോഷവും ഉയർത്തി.
ഫൈനലിൽ വീയപുരവും നടുഭാഗവും ഒപ്പത്തിനൊപ്പമാണു തുഴഞ്ഞെത്തിയത്. എന്നാൽ അവസാന നൂറു മീറ്ററിൽ അവിശ്വസനീയ കുതിപ്പ് നടത്തിയ വീയപുരം വ്യക്തമായ ലീഡോടെ ഒന്നാമതെത്തി. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നു ഭിന്നമായി കാരിച്ചാൽ കറുത്തകുതിരകളായാണു ഹീറ്റ്സിൽ നിന്നു ഫൈനലിനു യോഗ്യത നേടിയത്. യു.പ്രതിഭ എംഎൽഎ കായംകുളം ജലോത്സവം ഉദ്ഘാടനം ചെയ്തു
. നഗരസഭാധ്യക്ഷ പി.ശശികല അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ജോൺ വി.സാമുവൽ ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രിൽ ഫ്ലാഗ്ഓഫ് ചെയ്തു. വിജയികൾക്ക് എ.എം.ആരിഫ് എംപി ട്രോഫി സമ്മാനിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ജെ.ആദർശ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി, സി.കെ.സദാശിവൻ, കെ.കെ.ഷാജു, എൻ.ശിവദാസൻ, കെ.കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.