സർവോദയപുരത്തും മാരൻകുളങ്ങരയിലും, മോഷണം; ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല പൊട്ടിച്ചു

Mail This Article
കലവൂർ ∙ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല പൊട്ടിച്ചത് ഉൾപ്പെടെ സർവോദയപുരത്തിന് സമീപത്തെ വീടുകളിലും മാരൻകുളങ്ങരയിലെ കടകളിലും വ്യാപക മോഷണവും മോഷണ ശ്രമങ്ങളും. രണ്ട് വീടുകളിൽ നിന്നു സ്വർണമാലയും കടയിൽ നിന്നു മൊബൈൽ ഫോണും അപഹരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വാർഡ് തെക്കേപുരയ്ക്കൽ ടി.എസ്.സോംജിത്തിന്റെ ഭാര്യ അഞ്ജുവിന്റെ ഒരു പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. കുളമാക്കിയിൽ ശാന്തി സന്തോഷിന്റെ മാലയും പൊട്ടിച്ചെടുത്തെങ്കിലും ഒന്നര ഗ്രാമിന്റെ ലോക്കറ്റ് മാത്രമായിരുന്നു സ്വർണമെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ ചില വീടുകളിലും മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

മാരൻകുളങ്ങര ക്ഷേത്രത്തിനു കിഴക്ക് 4 വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമം നടന്നു. ഷാൽബിയുടെ അക്ഷയ കേന്ദ്രം, സോണിമോളുടെ ഐശ്വര്യ ലാബ്, നാസറിന്റെ വസ്ത്രശാല എൻആർ കലക്‌ഷൻസ്, രാഹുലിന്റെ മൊബൈൽ സർവീസ് സെന്റർ എന്നിവിടങ്ങളിലും പൂട്ട് പൊളിച്ച് ഷട്ടർ ഉയർത്തി മോഷ്ടാക്കൾ അകത്തു കയറിയെങ്കിലും 500 രൂപയിൽ താഴെ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. മൊബൈൽ സെന്ററിൽ നിന്നു ഒരു ഫോൺ മോഷ്ടിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു മോഷണപരമ്പര. കടകളിലെ മോഷണത്തിനു ശേഷമാണ് മോഷ്ടാക്കൾ വീടുകളിൽ എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. അക്ഷയ കേന്ദ്രത്തിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ മേശയിൽ സൂക്ഷിച്ചിരുന്ന ചില്ലറ നാണയങ്ങളാണ് എടുത്തത്. അതേസമയം ഇവിടെ ലാപ്ടോപ് ഉൾപ്പെടെയുള്ള കംപ്യൂട്ടർ ഉപകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും മോഷ്ടിച്ചില്ല. സമീപത്തെ കടകളിലും പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. മണ്ണഞ്ചേരി സിഐ ജെ.നിസാമുദീന്റെ നേതൃത്വത്തിൽ പൊലീസ് വീടുകളിലും കടകളിലും എത്തി വിവരങ്ങൾ ശേഖരിച്ചു.
എത്തിയത് ട്രെയിനിലെന്ന് സംശയം
കലവൂർ ∙ മുഖം മൂടിയും കൈയുറയും ധരിച്ച് ഷർട്ടിടാതെ എത്തിയ മൂന്നംഗ മോഷണ സംഘം ട്രെയിൻ മാർഗം എത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. കലവൂർ റെയിൽവേ സ്റ്റേഷന്റെ വളരെ അടുത്തുള്ള കടകളിലും വീടുകളിലുമാണ് മോഷണം നടന്നത്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് കൂടുതൽ സൂചനകൾ ലഭിച്ചത്. സർവോദയപുരത്തിന് സമീപത്തെ വീട്ടിലെ ക്യാമറയിൽ നിന്നാണ് പൊലീസിന് ദൃശ്യങ്ങൾ കിട്ടിയത്. ഇവർ പ്രധാന റോഡുകളിൽ പ്രവേശിക്കാത്തതിനാൽ റസിഡന്റ്സ് അസോസിയേഷന്റെ ഉൾപ്പെടെയുള്ള സിസിടിവി ക്യാമറകളിൽ ദൃശ്യം ലഭിച്ചില്ല.
മോഷണം നടത്തിയശേഷം ഇവർ ഓടിയതും ഇടവഴികളിലൂടെയാണ്. ഷർട്ടില്ലാതെ കൈലി ധരിച്ച മോഷ്ടാക്കൾ വിരലടയാളം ലഭിക്കാതിരിക്കുന്നതിന് കൈയുറയും ധരിച്ചിരുന്നു. സിസിടിവിയിൽ പതിഞ്ഞാൽ മുഖം വ്യക്തമാകാതിരിക്കാൻ മൂഖം മൂടിയും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യത്തിൽ കാണുന്നവരിൽ കാവി മുണ്ട് ധരിച്ചയാളെ മോഷണം നടന്ന വീട്ടിലുണ്ടായിരുന്നവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരും പൊലീസ് നായയും എത്തി തെളിവുകൾ ശേഖരിച്ചു. എന്നാൽ കൈയുറ ഉണ്ടായിരുന്നതിനാൽ വിരലടയാളം ലഭിച്ചില്ല. എല്ലാ വീടുകളുടെയും അടുക്കള ഭാഗത്തെ വാതിലാണ് പൊളിച്ചത്. വാതിൽപാളിയിൽ പാര കൊണ്ട് തിക്കിയാണ് പൂട്ട് പൊളിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ പൂട്ടുകളും കമ്പി ഉപയോഗിച്ച് അമർത്തിയാണ് പൊട്ടിച്ചത്. മോഷ്ടാക്കൾ ഉപയോഗിച്ച കമ്പിപ്പാരയും കമ്പികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്.
‘നല്ല ഉറക്കത്തിലായിരുന്നു. കഴുത്തിൽ വലിക്കുന്നതു പോലെ തോന്നി ബഹളം വച്ച് ഉണർന്നപ്പോഴാണ് മാലയും പൊട്ടിച്ച് കള്ളൻ ഓടിയത്. പിന്നാലെ ഭർത്താവ് ഓടിയെങ്കിലും കള്ളൻ രക്ഷപ്പെട്ടു.’ ഒരു പവന്റെ സ്വർണമാല നഷ്ടപ്പെട്ട മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വാർഡ് സർവോദയപുരം വടക്ക് തെക്കേപുരയ്ക്കൽ അഞ്ജു പറഞ്ഞു. അഞ്ജുവിന്റെ ബഹളം കേട്ടുണർന്ന ഭർത്താവ് സോംജിത്ത് കള്ളനെ പിടിക്കാൻ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. വീടിനുള്ളിൽ ഒരു മോഷ്ടാവ് മാത്രമേ കയറിയുള്ളൂവെങ്കിലും പുറത്തേക്കിറങ്ങിയപ്പോൾ മറ്റൊരു കള്ളനും കൂടി ഓടിയതായി വീട്ടുകാർ പറഞ്ഞു. സിസിടിവി ദൃശ്യത്തിൽ ഇയാളുടെ രൂപം കണ്ട് സോംജിത് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് പൊലീസ് ശക്തമായ പട്രോളിങ് നടത്തുന്നുണ്ട്.