കോടതിപ്പാലം നവീകരിക്കാൻ 120.52 കോടിയുടെ ടെൻഡർ
Mail This Article
ആലപ്പുഴ ∙ പൈതൃക പദ്ധതിയുടെ മൊബിലിറ്റി ഹബിൽ ഉൾപ്പെട്ട കോടതിപ്പാലം നവീകരിക്കാൻ 120.52 കോടി രൂപയുടെ പ്രവൃത്തികൾ ടെൻഡർ ചെയ്തു. പുരാതന തുറമുഖ നഗരത്തിന്റെ അഭിമാനമായി, തിരുവിതാംകൂർ രാജ ഭരണത്തിന്റെ രാജ ചിഹ്നവും വഹിച്ചു നിലകൊള്ളുന്ന ബോട്ട് ജെട്ടി മൊബിലിറ്റി ഹബ് നിർമിക്കുന്നതിന്റെ ആവശ്യത്തിനായി ഡിസംബർ അവസാനത്തോടെ പൊളിച്ചുനീക്കും. കഴിഞ്ഞ 16 നായിരുന്നു ടെൻഡർ പ്രസിദ്ധീകരിച്ചത്. ഈ മാസം 30 ന് ടെൻഡർ ക്ലോസ് ചെയ്യും. ഡിസംബർ 2ന് ടെൻഡർ തുറക്കും. പാലം നവീകരണത്തിന്റെ ഭാഗമായി ജല അതോറിറ്റി, വൈദ്യുതി, ബിഎസ്എൻഎൽ എന്നിവയുടെ പൈപ്പുകളും കേബിളുകളും മാറ്റുന്നതിനുള്ള ഫണ്ട് കിഫ്ബിയിൽ നിന്നും പാലം നവീകരണ ചുമതലയുള്ള കെആർഎഫ്ബിക്ക് നൽകിയിട്ടുണ്ട്.
കെആർഎഫ്ബി അതാത് വകുപ്പുകൾക്ക് തുക നൽകുന്നതോടെ അവരും പ്രവൃത്തികൾ ആരംഭിക്കും. ഇതേ സമയത്തു തന്നെ ഡിസംബർ അവസാനത്തോടെ മാതാ ബോട്ട് ജെട്ടിയുടെ സമീപം അത്യാവശ്യ സൗകര്യങ്ങളോടെ താൽക്കാലിക ബോട്ട് ജെട്ടിയുടെ നിർമാണം പൂർത്തിയാക്കും. തുടർന്നാണ് നിലവിലുള്ള പൈതൃക ബോട്ട് ജെട്ടി പൊളിക്കുക. കെട്ടിടവും കൽപടവുകളും മേൽക്കൂരയും ബോട്ടുകൾ വലിച്ചുകെട്ടുന്ന ഇരുമ്പു കൊളുത്തുകളും തുടങ്ങി നിരവധി പൈതൃകക്കാഴ്ചകൾ ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ ബോട്ട് ജെട്ടി. ഇത് പൊളിച്ചുമാറ്റി 500 കോടിയുടെ മൊബിലിറ്റി ഹബ് പൂർത്തിയാകുമ്പോൾ ആധുനിക ബോട്ട് ജെട്ടി കൂടി തൽസ്ഥാനത്ത് പണിയുന്നതാണു പദ്ധതി. അതുവരെ താൽക്കാലിക ജെട്ടിയിൽ ബോട്ടുകൾ പിടിക്കും.
അതേ സമയം കോടതിപ്പാലം നവീകരണത്തിന്റെ മുന്നോടിയായി പാലത്തിന് രണ്ട് വശത്തും വാടക്കനാലിന്റെ കരകളിൽ നിന്ന മരങ്ങൾ മുറിക്കുന്നത് ഏകദേശം പൂർത്തിയായി. ഒക്ടോബർ 20 ന് മുറിക്കാൻ തുടങ്ങിയതാണ്. വനം വകുപ്പ് വെട്ടിമാറ്റാൻ അനുമതി നൽകിയ 78 മരങ്ങളിൽ നാലഞ്ചു മരങ്ങൾ വെട്ടാനുണ്ട്. പക്ഷികൾ കൂട്ടത്തോടെ ചേക്കേറിയതാണ് അവശേഷിച്ച മരങ്ങൾ വെട്ടിമാറ്റുന്നതിനു തടസ്സം. കനാൽ തീരത്തെ മത്സ്യകന്യകയുടെ ശിൽപം എന്ത് ചെയ്യുമെന്നു യാതൊരു തീരുമാനവും ഇല്ല.