മോഷണ പരമ്പര പ്രതികൾക്കായി അന്വേഷണം

Mail This Article
കലവൂർ ∙ മാരൻകുളങ്ങരയിലും സർവോദയപുരത്തും മോഷണം നടത്തിയവരെ കണ്ടെത്താൻ പൊലീസിന് ഏക പിടിവള്ളി, മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ മാത്രം. കൈയുറയും മുഖംമൂടിയും അണിഞ്ഞ ഇവരുടെ യാതൊരു തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തിയെങ്കിലും സൂചനകൾ കിട്ടിയില്ല. മോഷണ രീതിയുടെ അടിസ്ഥാനത്തിൽ മുൻമോഷ്ടാക്കളുടെ വിവരങ്ങൾ അനുസരിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ട്.
മാരൻകുളങ്ങരയിലെ മൊബൈൽ കടയിൽ നിന്നു ഇവർ മോഷ്ടിച്ച ഫോണിന്റെ ഐഎംഇഎ നമ്പർ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതേസമയം രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. മോഷ്ടാക്കൾ ഇതരസംസ്ഥാനക്കാരാണോ എന്നതിലും വ്യക്തതയായിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നു മലയാളികൾ അല്ലെന്ന സംശയവുമുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് മാരൻകുളങ്ങരയിലെ കടകളിലും സർവേദയപുരത്തെ വീടുകളിലും മോഷണവും മോഷണശ്രമങ്ങളും നടന്നത്.
കടകളുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾക്ക് കാര്യമായി ഒന്നും കിട്ടിയില്ല. വ്യാപാരികൾ ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. സർവോദയപുരം വടക്ക് തെക്കേപുരയ്ക്കൽ ടി.എസ്.സോംജിത്തിന്റെ ഭാര്യ അഞ്ജുവിന്റെ 1 പവന്റെ സ്വർണമാലയും കുളമാക്കിയില് ശാന്തി സന്തോഷിന്റെ ഒന്നരഗ്രാമിന്റെ സ്വർണ ലോക്കറ്റുമാണ് നഷ്ടപ്പെട്ടത്. മറ്റ് വീടുകളിൽ മോഷണശ്രമങ്ങളുമാണ് നടന്നത്. പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നു മൂന്നംഗ സംഘമാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ്. എന്നാൽ ഇവരെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെയും ലഭിച്ചിട്ടില്ല.