റോഡ് പൊളിക്കാൻ അനുമതി വൈകുന്നു; പൈപ്പിടാൻ കഴിയാതെ ജലജീവൻ മിഷൻ
Mail This Article
ആലപ്പുഴ∙ പൈപ്പിടാൻ വേണ്ടി റോഡ് പൊളിക്കാനുള്ള അനുമതി ലഭിക്കാൻ വൈകുന്നതു സംസ്ഥാനത്തെ ജലജീവൻ മിഷൻ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്നു മാത്രം 3040 അപേക്ഷകൾക്ക് അനുമതി ലഭിക്കാനുണ്ട്. ഇതിൽ 771 എണ്ണം അനുമതി ലഭിച്ചാലുടൻ പണി തുടങ്ങാൻ തയാറാണ്. ഇതുകൂടാതെ കേരള റോഡ് ഫണ്ട് ബോർഡിൽ നിന്നു 314 റോഡുകൾ പൊളിക്കാനുള്ള അപേക്ഷകൾക്കു കൂടി അനുമതി ലഭിക്കാനുണ്ട്.
2024 മാർച്ചിൽ ജലജീവൻ മിഷൻ പദ്ധതി അവസാനിക്കാനിരിക്കെ പ്രവർത്തനങ്ങൾ വൈകുന്നതു വീടുകളിൽ ശുദ്ധജലമെത്തിക്കാനുള്ള പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. പലയിടത്തും റോഡ് പൊളിക്കാൻ മുൻകൂറായി അടയ്ക്കാനുള്ള തുക കൂടിയതു കാരണമാണ് അനുമതി വൈകുന്നതെന്നാണു അധികൃതർ പറയുന്നത്.
കൂടിയ തുക കെട്ടിവച്ചു റോഡ് പൊളിക്കുന്നതു ജലജീവൻ മിഷനു അധിക ബാധ്യതയാണ്. സർക്കാരുമായി ചർച്ച ചെയ്തു തുക കുറയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പല ജില്ലകളിലും പൊതുമരാമത്ത് അനുമതി വൈകുന്നതിനു പുറമേ മഴ കാരണം വെള്ളക്കെട്ടുകൾ രൂപപ്പെട്ടതും റോഡ് പൊളിക്കാൻ അനുമതി ലഭിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നു.
എല്ലാ ഗ്രാമീണ ഭവനങ്ങളിലും 2024നകം ശുദ്ധജല കണക‍്ഷൻ എത്തിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയാണു ജലജീവൻ മിഷൻ. അടുത്ത മാർച്ചിൽ പദ്ധതി അവസാനിപ്പിക്കുമെന്നാണു കേന്ദ്ര അറിയിപ്പ്. കേന്ദ്രവും സംസ്ഥാനവും ചേർന്നു മൊത്തം 44,000 കോടി രൂപയാണു പദ്ധതിക്കായി ചെലവാക്കുന്നത്.