കോൺക്രീറ്റ് പാളി അടർന്ന് വീണു, പിന്നെയും തല തകർത്ത് കായംകുളം ബസ് സ്റ്റാൻഡ്
Mail This Article
കായംകുളം ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്ന് വീണ് യാത്രക്കാരനു ഗുരുതര പരുക്ക്. തിരുവനന്തപുരം ബാലരാമപുരം ഇരട്ടത്തെരുവ് സ്വദേശി പരമേശ്വരനാണ്(76) പരുക്കേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പരമേശ്വരന്റെ തലയ്ക്ക് 8 തുന്നലുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. കായംകുളത്ത് ലോട്ടറി വിൽപനക്കാരനായ പരമേശ്വരൻ താമസസ്ഥലമായ മാവേലിക്കരയിലേക്ക് പോവാൻ ഓർഡിനറി ബസ് പാർക്കിങ് ഏരിയയിൽ നിൽക്കുമ്പോഴാണ് അപകടം. പരമേശ്വരനെ മറ്റു യാത്രക്കാരാണ് ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത്.
കായംകുളം കെഎസ്ആർടിസി ബസ് സറ്റാൻഡ് കെട്ടിടം രണ്ട് വർഷമായി ജീർണാവസ്ഥയിലാണ്. മുൻപും 3 യാത്രക്കാർക്ക് കോൺക്രീറ്റ് പാളി അടർന്നു വീണു പരുക്കേറ്റിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി സർക്കാർ കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വിഭാഗം എസ്റ്റിമേറ്റ് എടുത്തിട്ടും നിർമാണം തുടങ്ങിയില്ല.