മണ്ണ് കയറ്റിയ ലോറികൾ കയറി കലുങ്ക് തകർന്നു; വലഞ്ഞ് ജനം
Mail This Article
ചെങ്ങന്നൂർ ∙ കോട്ട–മാന്തുക റോഡിലെ കൊടയ്ക്കാമരം പീടികയിൽപടി കലുങ്ക് തകർന്നു, ദേശീയപാതയ്ക്കായി മണ്ണു കയറ്റിയ ലോറികൾ നിരന്തരം കടന്നു പോയതോടെയാണു റോഡും കലുങ്കും തകർന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു. കൊടയ്ക്കാമരം തവിട്ടപൊയ്ക ഭാഗത്തു നിന്നു ദേശീയപാതയ്ക്കായി മണ്ണെടുക്കുന്ന ലോറികൾ കടന്നുപോകുന്നത് കോട്ട–മാന്തുക റോഡിലൂടെയാണ്.
കഴിഞ്ഞ 17നാണ് മണ്ണു ലോറി കയറി കലുങ്കിന്റെ സ്ലാബുകൾ തകർന്നത്. ഇതോടെ ഹെവി വാഹനങ്ങൾ കടക്കരുതെന്നു കാട്ടി പൊതുമരാമത്ത് വകുപ്പ് ബോർഡും വച്ചു. കലുങ്ക് തകർന്നു വലിയ വാഹനങ്ങൾക്കു കടന്നുപോകാനാകാത്ത സ്ഥിതി ആയതോടെ വലഞ്ഞതു സ്കൂൾ വിദ്യാർഥികൾ കൂടിയാണ്. ഇതുവഴി പോയിരുന്ന വലിയ സ്കൂൾ ബസുകൾ ഇപ്പോൾ 400 മീറ്റർ അകലെ എലിമുക്ക് വരെയെ എത്തൂ. കുട്ടികൾ അവിടെ വരെ നടന്നെത്തണം.
റോഡിലെ ചെറുതും വലുതുമായ 6 കലുങ്കുകൾ അപകടാവസ്ഥയിലാണെന്നു നാട്ടുകാർ പറയുന്നു. പറവണ്ണം ഭാഗത്തെ കലുങ്കിന്റെ സ്ഥിതി ദയനീയമാണ്. പീടികയിൽപടി കലുങ്ക് തകർന്നതോടെ മണ്ണു കയറ്റിയ ലോറികൾ ബിഎസ്എൻഎൽ ഓഫിസ് റോഡ് വഴി കാരയ്ക്കാട്ടെത്തി എംസി റോഡിൽ പ്രവേശിക്കുകയാണ്. തകർന്ന കലുങ്ക് നിർമിച്ചു നൽകാൻ സന്നദ്ധരാണെന്നു പൊതുമരാമത്ത് വകുപ്പിനെ രേഖാമൂലം അറിയിച്ചെന്നും ഇതിനായി സ്ലാബുകൾ നിർമിച്ചെന്നും കരാറുകാർ പറഞ്ഞു.
സ്വാഭാവികമായല്ലാതെ, റോഡിൽ മണ്ണു ലോറികൾ കടന്നു പോകുന്നതു മൂലമുണ്ടാകുന്ന തകരാറുകളും പരിഹരിക്കാമെന്നും ഇവർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.എന്നാൽ പൊതുമരാമത്ത് റോഡിൽ ഇത്തരത്തിൽ നിർമാണ അനുമതി നൽകുന്ന കാര്യം നിയമപരമായ ആലോചനകൾക്കു ശേഷമേ പരിഗണിക്കാനാകൂ എന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
തന്നെയുമല്ല നബാർഡ് പദ്ധതിയിൽ 7 കോടി രൂപ ചെലവഴിച്ചു കോട്ട–മാന്തുക റോഡ് പുനരുദ്ധാരണത്തിന് സാങ്കേതികാനുമതി കാക്കുകയാണെന്നും അറിയിച്ചു. പ്രശ്നം ചൂണ്ടിക്കാട്ടി കലക്ടർ, ജിയോളജിസ്റ്റ് എന്നിവർക്കു പരാതി നൽകിയെന്നും നാളെ വാർഡിൽ സർവകക്ഷിയോഗം വിളിച്ചു ചേർക്കുമെന്നും 6–ാം വാർഡ് മെംബർ എം.ബി.ബിന്ദു പറഞ്ഞു.