വിത്ത് വൈകുന്നു, വിതയും; കർഷകർ പ്രതിസന്ധിയിൽ

Mail This Article
കുട്ടനാട് ∙ നെൽവിത്ത് ലഭിക്കാൻ വൈകുന്നു; കായൽ നിലങ്ങളിൽ പുഞ്ചക്കൃഷി പ്രതിസന്ധിയിലേക്ക്. പല പാടശേഖരങ്ങളിലും പമ്പിങ് നിർത്തി വച്ചിരിക്കുകയാണ്. കേരള സീഡ്സ് കോർപ്പറേഷനിൽ (കെഎസ്എസ്ഡിഎ) നിന്നാണു പാടശേഖരങ്ങളിൽ വിത്ത് ലഭ്യമാക്കേണ്ടത്. എന്നാൽ ഒരു പാടശേഖരത്തിൽ ലഭിക്കേണ്ട മുഴുവൻ വിത്തും ലഭ്യമാക്കാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നായ നീലംപേരൂർ കൃഷിഭവൻ പരിധിയിലെ ഇ ബ്ലോക്ക് ഇരുപത്തിനാലായിരം കായൽ പാടശേഖരത്തിൽ വിത്ത് ലഭിക്കാത്തിനാൽ പമ്പിങ് 2 പ്രാവശ്യമായി നിർത്തി വച്ചിരിക്കുകയാണ്.തുലാം 20നു വിതയിറക്കുന്ന രീതിയിൽ കൃഷിയൊരുക്കങ്ങൾ നടത്തിയെങ്കിലും വിത്ത് ലഭിക്കാത്തതിനാൽ ഇനിയും വിതയിറക്കാൻ സാധിച്ചിട്ടില്ല.
2400 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ ഒൻപതര ലോഡ് വിത്താണ് ആവശ്യമുള്ളത്.പലപ്പോഴായി പകുതിയിലധികം വിത്ത് ലഭിച്ചെങ്കിലും പൂർണമായി വിത്ത് ലഭിച്ചാൽ മാത്രമേ വിതയിറക്കാൻ സാധിക്കുകയുള്ളു. ഇന്ന് ഒരു ലോഡ് വിത്തുകൂടി ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതുകൂടി ലഭിച്ചാൽ 8 ലോഡ് വിത്താകും. ബാക്കി ഒന്നര ലോഡ് വിത്തുകൂടി ലഭിച്ചാൽ മാത്രമെ വിത നടത്താനുള്ള ഒരുക്കങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ.
സമാന സാഹചര്യമാണു സമീപത്തുള്ള എച്ച് ബ്ലോക്ക് പഴയ പതിനാലായിരം, രാജരാമപുരം, മാരാൻകായൽ, മൂവയിരത്തിയഞ്ഞൂറ് തുടങ്ങിയ കായൽനിലങ്ങളിലും കര പാടശേഖരങ്ങളിലും.
എച്ച് ബ്ലോക്ക് കായൽ പാടശേഖരത്തിൽ അഞ്ചര ലോഡ് വിത്ത് ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചതു 2 ലോഡ് വിത്ത് മാത്രമാണ്. രാജരാമപുരത്തും അഞ്ചര ലോഡ് ലഭിക്കേണ്ട സാഹചര്യത്തിൽ മൂന്നര ലോഡ് വിത്താണു ലഭിച്ചത്.
കുട്ടനാട്ടിൽ ആദ്യം എത്തിച്ച വിത്ത് കിളിർക്കാതെ വന്നതാണു പ്രതിസന്ധി സൃഷ്ടിച്ചത്. വിത്ത് കിളിർക്കാതെ വന്നതോടെ പ്രതിഷേധങ്ങൾ ശക്തമായതോടെ അധികൃതർ കിളിർക്കുന്ന വിത്ത് ലഭ്യമാക്കാനാണു കാലതാമസമെടുക്കുന്നതെന്നാണു ലഭിക്കുന്ന സൂചന. വിത സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ കർഷകർ പ്രതിസന്ധിയിലാകും. കീടങ്ങളുടെ ആക്രമണം, ഓരുവെള്ളം, വേനൽമഴ അടക്കമുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും.
കൂടാതെ ഒരേ സമയത്തു തന്നെ കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളിലും വിതയിറക്കേണ്ടി വന്നതിനാൽ തൊഴിലാളികളുടെ ക്ഷാമവും കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവുമൊക്കെ ഉണ്ടാകാനുള്ള സാഹചര്യമുണ്ടാകുമെന്നതു കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
വിത്തിന്റെ അനശ്ചിതാവസ്ഥ കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. മുഴുവൻ വിത്ത് ലഭിക്കാതെ കൃഷി ഇറക്കാൻ ശ്രമിച്ചാൽ കർഷക പ്രക്ഷോഭത്തിലേക്കു കടക്കും. മുഴുവൻ വിത്ത് ലഭിച്ചാൽ മാത്രമെ ഒന്നിച്ചു വിതരണം ചെയ്യാൻ സാധിക്കുകയുള്ളു. വിത്ത് ലഭിക്കാത്തതിനാൽ ഇപ്പോൾ തന്നെ 10 ദിവസം കൃഷി വൈകിയിരിക്കുകയാണ്. ഡോ. എ.ജെ.ചാക്കോ ഇടയാടി, രാജരാമപുരം കായൽ പാടശേഖര - സമിതി സെക്രട്ടറി