ജപ്പാൻ ശുദ്ധജല പദ്ധതി പൈപ്പ് പൊട്ടി പാഴായത് 10 ലക്ഷം ലീറ്റർ
Mail This Article
തുറവൂർ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുറ്റിക്കാടുകൾ നീക്കം ചെയ്യുന്നതിനിടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് ആയ ജിആർപി പൈപ്പ് പൊട്ടി. 10 ലക്ഷത്തിലധികം ലീറ്റർ വെള്ളം പാഴായി. അരൂർ, ചേർത്തല മണ്ഡലങ്ങളിലെ 8 പഞ്ചായത്തുകളിൽ 2 ദിവസം ശുദ്ധജല വിതരണം മുടങ്ങും. തുറവൂർ ആലയ്ക്കാപറമ്പിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ദേശീയപാതയിൽ തുറവൂർ–ചേർത്തല പാതയിൽ ആലയ്ക്കാപറമ്പിന് സമീപമായിരുന്നു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുറ്റിക്കാടുകൾ നീക്കം ചെയ്യുന്നതിനിടെ പൈപ്പ് പൊട്ടിയത്.
450 എംഎം വ്യാസമുള്ള ജിആർപി പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ വെള്ളം കുത്തിയൊലിച്ച് മേഖലയിലെ പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വാട്ടർ അതോറിറ്റി അധികൃതർ എത്തി തൈക്കാട്ടുശേരിയിൽ നിന്നുള്ള പമ്പിങ് നിർത്തിയാണ് വെള്ളത്തിന്റെ കുത്തൊഴുക്ക് നിർത്തിയത്. പൈപ്പിലുള്ള ശുദ്ധജലം പൂർണമായും ഒഴുക്കിക്കളഞ്ഞാൽ മാത്രമേ ജോലി നടക്കുകയുള്ളൂ. വാട്ടർ അതോറിറ്റി അധികൃതർ ഇന്നലെ രാത്രിയോടെ ജോലി തുടങ്ങി.
ഇന്നും നാളെയുമായി അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. തൈക്കാട്ടുശേരി ശുദ്ധീകരണ ശാലയിൽ നിന്നു അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, കടക്കരപ്പള്ളി, പട്ടണക്കാട്, വയലാർ, തുറവൂർ എന്നീ പഞ്ചായത്തുകളിലേക്ക് പോകുന്ന പ്രധാന പൈപ്പാണിത്. പമ്പിങ് നിലച്ചതോടെ 8 പഞ്ചായത്തുകളിലും ശുദ്ധജല ക്ഷാമം രൂക്ഷമാകും.