മിഷൻ ഗ്രീൻ ശബരിമല; ചെങ്ങന്നൂരിൽ പ്ലാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടർ തുറന്നു

Mail This Article
ചെങ്ങന്നൂർ ∙ മണ്ഡല കാലത്ത് ശബരിമലയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ആലപ്പുഴ, പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ,ചെങ്ങന്നൂർ നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടർ തുറന്നു. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാം തീർഥാടകർക്ക് പ്ലാസ്റ്റിക് കവറിനു പകരം തുണിസഞ്ചി നൽകി കൗണ്ടർ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറിലൂടെ അയ്യപ്പഭക്തർക്ക് കൈവശമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾ നൽകി സൗജന്യമായി തുണിസഞ്ചി പകരം വാങ്ങാം. 2023-24 ലെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാര ചടങ്ങുകളുടെ ലിസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിത്വ പരിപാലനം സംബന്ധിച്ച് ശുചിത്വമിഷന്റെ ലഘുലേഖയും ഇവിടെ നിന്നും വിതരണവും ചെയ്യും.
ചടങ്ങിൽ നഗരസഭ സ്ഥിരസമിതി അധ്യക്ഷ ശോഭ വർഗീസ്, ആലപ്പുഴ ജില്ലാ ശുചിത്വമിഷൻ കോഓർഡിനേറ്റർ കെ.ഇ. വിനോദ് കുമാർ, പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ കോഓർഡിനേറ്റർ ബൈജു ടി. പോൾ, പ്രോഗ്രാം ഓഫിസർമാരായ കെ.ആർ. അജയ്, അഖിൽ പ്രകാശൻ, കൗൺസിലർമാരായ കെ.ഷിബുരാജൻ, അശോക് പടിപ്പുരക്കൽ, റിജോ ജോൺ, ശ്രീദേവി ബാലകൃഷ്ണൻ, സിനി ബിജു, ക്ലീൻ സിറ്റി മാനേജർ സി. നിഷ എന്നിവർ പ്രസംഗിച്ചു.