ദേശീയപാത: ഓട നിർമാണസാമഗ്രികൾ മോഷണം പോകുന്നു
Mail This Article
ആലപ്പുഴ∙ ഹരിപ്പാട് മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്തു ദേശീയപാത നിർമാണ പ്രവൃത്തികൾക്കെത്തിക്കുന്ന സാമഗ്രികൾ വ്യാപകമായി മോഷണം പോകുന്നെന്നു പരാതി. ഓടയുടെയും മറ്റും നിർമാണത്തിനിറക്കുന്ന കമ്പി, കോൺക്രീറ്റിനുള്ള മറ്റു വസ്തുക്കൾ തുടങ്ങിയവയാണു മോഷണം പോകുന്നത്. ഇതുകാരണം വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നു കരാറുകാരൻ പറയുന്നു. മോഷണം സ്ഥിരമായതോടെ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ദേശീയപാത നിർമാണക്കരാറെടുത്ത കമ്പനിയിൽ നിന്ന് ഉപകരാറെടുത്താണ് ഓട നിർമാണം നടത്തുന്നത്. തുടർച്ചയായി മോഷണം നടക്കുന്നതു നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുന്നെന്നു കരാറുകാർ പറയുന്നു. പലരും സ്വന്തം വീട്ടിലെ ചെറിയ നിർമാണ പ്രവർത്തനങ്ങൾക്കായാണു സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നത്.
ഉന്തുവണ്ടിയിലും മറ്റുമായാണ് ഇവ കൊണ്ടുപോകുന്നത്. സാധനങ്ങൾ എടുക്കരുതെന്നു വിലക്കിയാലും തുടർന്നും മോഷണം നടക്കുന്നെന്നും കരാറുകാരൻ പറയുന്നു. വലിയ തുക മുടക്കി എത്തിച്ച സാമഗ്രികളാണു മോഷണം പോകുന്നത്. ഇവ വീണ്ടും എത്തിച്ചു നിർമാണം നടത്താൻ വലിയ ചെലവുണ്ട്. ഇതു കാരണം നിർമാണം വൈകുന്നു. ഓരോരുത്തരും ചെറിയ തോതിൽ എടുത്താൽ പോലും ലക്ഷങ്ങളുടെ സാധനമാണു സ്ഥലത്തു നിന്നു മോഷ്ടിക്കപ്പെടുന്നത്. മാനസിക സമ്മർദവുമുണ്ട്. നിർമാണ സാമഗ്രികൾ മോഷ്ടിക്കുന്നതു കണ്ടു പൊലീസിനെ വിളിച്ചാലും വേഗം സ്ഥലത്തെത്തി നടപടി സ്വീകരിക്കുന്നില്ല. മോഷ്ടാക്കൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്നും കരാറുകാരൻ പറഞ്ഞു. അതേസമയം രാത്രിയിൽ ഉൾപ്പെടെ ദേശീയപാതയിൽ പട്രോളിങ് നടത്തുന്നുണ്ടെന്നും നിർമാണ സാമഗ്രികൾ മോഷ്ടിക്കുന്നതു തടയുമെന്നും പൊലീസ് അധികൃതർ പറഞ്ഞു.