ADVERTISEMENT

ആലപ്പുഴ∙ കഞ്ചാവ് മാഫിയ സംഘം  വീട്ടിൽ കയറി  ഗൃഹനാഥനെയും അയൽവാസിയെയും വെട്ടുകയും വീട് തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.  കൈതവന വാർഡിൽ കുഴിയിൽചിറ ഉധീഷ് (38), കുതിരപ്പന്തി കടപ്പുറത്ത് തൈയിൽ മക്മില്ലൻ (24),കൈതവന കോലോത്ത് വീട് മധുമോഹൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

മധുമോഹൻ, ഉധീഷ്, മക്മില്ലൻ.
മധുമോഹൻ, ഉധീഷ്, മക്മില്ലൻ.

കളർകോട് ബീന കോട്ടേജിൽ റിട്ടയേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ ജെ.കിഷോറിനും(55) അയൽവാസി വേലിക്കകത്ത് ഒ. ഭാസ്കരനുമാണ്(65) വെട്ടേറ്റത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ ഇവർ വീണ്ടുമെത്തി വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും സൈക്കിളും തീവച്ചു നശിപ്പിക്കുകയും വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു. പൊലീസും ഫയർഫോഴ്സും ചേർന്ന് തീ അണച്ചതിനാലാണ്  വീട്ടിലേക്ക് പടരാതിരുന്നത്. 

ഇന്നലെ പുലർച്ചെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭവനഭേദനം,വധശ്രമം, കവർച്ച, സ്വത്ത് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ടോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധന നടത്തി. തുടർന്നു ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.

ഞായറാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് ആക്രമണമുണ്ടായത്. അതിക്രമിച്ചു വീട്ടിലേക്കു കടന്നെത്തിയ  സംഘം വീട് അടിച്ചു തകർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കിഷോറിനെ സംഘം വടിവാളു കൊണ്ടു വെട്ടുകയും കുത്തുകയും ചെയ്തു. വയറിനു കുത്തേറ്റ കിഷോറിന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കിഷോർ അപകട നില തരണം ചെയ്തിട്ടുണ്ട്.  ഭാസ്കരൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com