ADVERTISEMENT

തുറവൂർ∙ കുത്തിയതോട് തുറവൂർ പഞ്ചായത്തുകളിൽ വിഷപ്പാമ്പ് ശല്യം രൂക്ഷമാകുന്നു. തുറവൂർ പഞ്ചായത്ത് പടിഞ്ഞാറൻ മേഖലയിൽ മൂർഖൻ പാമ്പിന്റെയും കുത്തിയതോട് പഞ്ചായത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ അണലിയുടെയും സാന്നിധ്യമാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. മലപ്രദേശങ്ങളിൽ നിന്നു നിർമാണ പ്രവർത്തനങ്ങൾക്കായി മേഖലയിലേക്ക് കൊണ്ടുവരുന്ന പൂഴിയിലുടെയാണ് പ്രദേശത്ത് വിഷ പാമ്പുകൾ എത്തുന്നത്. 2 മാസത്തിനുള്ളിൽ വിവിധയിടങ്ങളിൽ നിന്നായി 62 മൂർഖൻ പാമ്പിനെയും 58 അണലിയെയുമാണ് പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച കുര്യഞ്ചിറ തമ്പി പിടികൂടിയത്.

പിടികൂടിയ പാമ്പിനെ വനവകുപ്പിനു കൈമാറി. തുറവൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ പാടശേഖരങ്ങളോട് ചേർന്നുള്ള കുറ്റിക്കാടുകളിലും വീടുകളിൽ പാചകാവശ്യത്തിനായി വിറകുകൾ കൂട്ടിയിടുന്ന സ്ഥലത്തുമാണ് കൂടുതലായി മൂർഖനെ കാണുന്നത്.കുത്തിയതോട് പഞ്ചായത്ത് മേഖലയിൽ അണലി വർഗത്തിലുള്ള പാമ്പുകളെയാണ് ഏറെയും പിടികൂടിയത്. കിഴക്കൻ പ്രദേശങ്ങളിൽ നിന്നു മേഖലയിൽ റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി പൂഴി ഇറക്കുമ്പോൾ കൂട്ടത്തോടെ അണലി കുഞ്ഞുങ്ങൾ എത്തിയതാണ് മേഖലയിൽ അണലിയുടെ വർധനവിന് കാരണമെന്ന് കരുതുന്നു.

 ഒറ്റപ്രസവത്തിൽ ഇരുപതോളം കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് പെരുപാമ്പിനോട് സാദൃശ്യമുള്ളതിനാൽ ഇതിനെക്കുറിച്ച് ധാരണയില്ലാത്തവർ പെരുപാമ്പാണെന്ന് ധരിച്ച് കൈകൊണ്ട് പിടിച്ച സംഭവം വരെ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പിടിച്ചവർ അത്‌ഭുതകരമായിട്ടാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. വീടുകൾ പൊളിക്കുമ്പോൾ മരത്തടികളും പഴയ ഒാടുകളും അലക്ഷ്യമായി കൂട്ടിയിടുന്നതും പരിസര ശുചത്വം ഇല്ലാത്തതും ഇത്തരം വിഷ പാമ്പുകളുടെ ആവാസത്തിന് കാരണമാകുമെന്ന് ഇരുപത് വർഷമായി പാമ്പ് പിടിത്തത്തിൽ സജീവമായ തുറവൂർ സ്വദേശി കുര്യഞ്ചിറ തമ്പി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com