ആലപ്പുഴ നഗരസഭയ്ക്ക് 15 കോടിയുടെ ടൗൺ ഹാൾ
Mail This Article
ആലപ്പുഴ ∙ നഗരസഭയ്ക്കു മൂന്നു നിലയുള്ള ശീതീകരിച്ച ടൗൺ ഹാൾ നിർമിക്കാൻ 15 കോടി രൂപ വായ്പ എടുക്കാൻ കൗൺസിൽ യോഗം അനുമതി നൽകി. ടി.വി.തോമസ് സ്മാരക ടൗൺ ഹാൾ പൊളിച്ചു മാറ്റി പുതിയ ടൗൺ ഹാൾ നിർമിക്കാനാണ് തീരുമാനം. വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കുന്നതിനും വാർഷിക പദ്ധതി അംഗീകരിക്കാൻ കൂടിയ യോഗം തീരുമാനിച്ചു.നഗരവികസന പദ്ധതിയിൽ 3 രൂപരേഖകൾ സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ കെൽ തയാറാക്കിയിരുന്നു. ഇതിൽ ഒന്ന് അംഗീകരിച്ചാണ് കേന്ദ്ര അർബൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് സ്കീം പ്രകാരം 15 കോടി നാഷനൽ ഹൗസിങ് ബാങ്കിൽ നിന്നും വായ്പ എടുക്കുന്നത്.
തുകയുടെ 15 ശതമാനം 2.5 കോടി രൂപ നഗരസഭ വഹിക്കണം. നിർമാണം പൂർത്തിയാക്കാൻ എടുക്കുന്ന ആദ്യത്തെ 2 വർഷം പലിശ ഒഴിവാക്കും. തുടർന്നു 5 വർഷം 5 ശതമാനം പലിശയോടെ വായ്പ തിരിച്ചടയ്ക്കണം.ഭൂഗർഭ നിലയിൽ പാർക്കിങ്, താഴത്തെ നിലയിൽ 1200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഒന്നാം നിലയിൽ 7 സ്യൂട്ടും മിനി ഓഡിറ്റോറിയവും മറ്റും. ശീതീകരിച്ച സൗകര്യങ്ങൾ ആയതിനാൽ വാടകയും മറ്റും കൂടുതലാകും. ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയാതെ വരും. നഗരത്തിൽ അധികവും സാധാരണക്കാർ ആയതിനാൽ അവർക്ക് താങ്ങാവുന്ന വാടക ആയിരിക്കണം പുതിയ ടൗൺ ഹാളിന് തീരുമാനിക്കേണ്ടതെന്നു കൗൺസിലർമാർ പറഞ്ഞു.